സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന്; സഭാ സമ്മേളനം വെള്ളിയാഴ്ച മുതല്‍

0 238

നിയമസഭയുടെ ബജറ്റ് സമ്മേളനം മറ്റന്നാള്‍ ആരംഭിക്കും. കെ.എന്‍.ബാലഗോപാലിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് വരാന്‍ പോകുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് ബജറ്റ് സമ്മേളനം നടക്കുക.
15-ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തിനാണ് വെള്ളിയാഴ്ച തുടക്കമാകുക. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും. അന്തരിച്ച കോണ്‍ഗ്രസ് അംഗം പി.ടി.തോമസിന് ഈ മാസം 21ന് സഭ ആദരമര്‍പ്പിക്കുംപിന്നീട് മാര്‍ച്ച് 10-ാം തീയതിയാണ് ബജറ്റിനായി നിയമസഭ സമ്മേളിക്കുക. 22നാണ് വോട്ട് ഓണ്‍ അക്കൗണ്ട്. 23ന് സഭ പിരിയും.
ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടാന്‍ വൈകിയതിനെ തുടര്‍ന്നാണ് ബജറ്റ് സമ്മേളനത്തിനുള്ള തീയതി പ്രഖ്യാപിക്കുന്നത് വൈകിയത്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതിന് പിന്നാലെയാണ് ബജറ്റ് സമ്മേളനത്തിന്റെ തീയതി നിശ്ചയിച്ചത്.
കൊവിഡ് കാലത്തും രാജ്യത്തേറ്റവും ദിവസം സമ്മേളിച്ചത് കേരള നിയമസഭയാണെന്നും ആകെ പാര്‍ലമെന്റ ദിനങ്ങളേക്കാള്‍ ഒരു ദിവസം അധികം കേരള നിയമസഭ ചേര്‍ന്നിട്ടുണ്ട് സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു.
ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച ഫെബ്രുവരി 22, 23, 24 തീയതികളിലായി നടക്കും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളിക്കുന്നതല്ല. 202223 സാമ്പത്തിക വര്‍ഷത്തെ ബജറ്റും മറ്റ് അനുബന്ധ രേഖകളും മാര്‍ച്ച് 11ാം തീയതി വെള്ളിയാഴ്ച, ധനകാര്യ വകുപ്പുമന്ത്രി സഭയില്‍ അവതരിപ്പിക്കും. മാര്‍ച്ച് 14, 15, 16 തീയതികളിലായി ബജറ്റിനെ സംബന്ധിക്കുന്ന പൊതുചര്‍ച്ച നടക്കുന്നതും മാര്‍ച്ച് 17ാം തീയതി 20212022 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്മേലുള്ള അന്തിമ ഉപധനാഭ്യര്‍ത്ഥനകള്‍ സഭ പരിഗണിക്കും. 202223 സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലുമാസത്തെ ചെലവുകള്‍ നിര്‍വ്വഹിക്കുന്നതിനായുള്ള വോട്ട്ഓണ്‍അക്കൗണ്ട് മാര്‍ച്ച് 22ാം തീയതിയും ഉപധനാഭ്യര്‍ത്ഥകളെയും വോട്ട്ഓണ്‍ അക്കൗണ്ടിനേയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍ യഥാക്രമം മാര്‍ച്ച് 21ാം തീയതിയും മാര്‍ച്ച് 23ാം തീയതിയും സഭ പരിഗണിക്കും.
മാര്‍ച്ച് 21, 23 തീയതികളില്‍ ഗവണ്‍മെന്റ് കാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള സമയം എപ്രകാരം വിനിയോഗപ്പെടുത്തണമെന്നതു സംബന്ധിച്ച കാര്യം ഫെബ്രുവരി 21ാം തീയതി തിങ്കളാഴ്ച ചേരുന്ന കാര്യോപദേശക സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സഭ തീരുമാനിക്കും. നിര്‍ദ്ദിഷ്ട കാര്യപരിപാടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 23ാം തീയതി സമ്മേളന പരിപാടികള്‍ അവസാനിപ്പിക്കുന്ന തരത്തിലാണ് നാലാം സമ്മേളനത്തിനായുള്ള കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.