വാഹനം നിർത്തിയിട്ട് പ്രതിഷേധം നടത്തും; സംയുക്ത ട്രേഡ് യൂണിയൻ

0 382

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില അനുദിനം വര്‍ധിപ്പിക്കുന്നതിന് എതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ജൂണ്‍ 21 തിങ്കളാഴ്ച നടക്കുന്ന 15 മിനിറ്റ് വാഹനം നിര്‍ത്തിയിട്ടുള്ള പ്രതിഷേധസമരം വിജയിപ്പിക്കുന്നതിന് സംയുക്ത ട്രേഡ് യൂണിയന്‍ വയനാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

കോവിഡ് മഹാമാരി മൂലം വലിയ ജീവിത പ്രയാസം നേരിടുന്ന തൊഴിലാളികള്‍ക്ക് ദിനംപ്രതിയുള്ള പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവ് മൂലം ജീവിതം കൂടുതല്‍ നരകതുല്യം ആകുന്ന സാഹചര്യമാണുള്ളത്. പെട്രോളിനും ഡീസലിനും വില 100 കടക്കുന്നത് രാജ്യത്ത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഇതിനെതിരെ വലിയ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.

ജില്ലയിലെ 23 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും ഓടുന്ന വാഹനങ്ങള്‍ 11 മണി മുതല്‍ 11.15 വരെ നിരത്തില്‍ നിര്‍ത്തിയിട്ടാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസ് മേഖലയിലെ തൊഴിലാളികളും ഉടമകളും, ചെറുതും വലുതുമായ ചരക്ക്, ഓട്ടോടാക്‌സി മേഖലയിലെ തൊഴിലാളികള്‍ അടക്കമുള്ളവര്‍ സമരത്തില്‍ അണിചേരും.

മോട്ടോര്‍ സൈക്കിള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍പ്രൈവറ്റ് വാഹനങ്ങളും നിര്‍ത്തിയിട്ടു കൊണ്ട് പൊതുജനങ്ങളും സമരത്തില്‍ പങ്കെടുക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു. പി പി ആലി, ഉമ്മര്‍ കുണ്ടാട്ടില്‍( ഐഎന്‍ടിയുസി) പി ആര്‍ ജയപ്രകാശ്, കെ സുഗതന്‍, വി എ അബ്ബാസ് (സിഐടിയു) കെ എസ് ബാബു, രാജുകൃഷ്ണ (എച്ച്എംഎസ്) സി.മൊയ്തീന്‍കുട്ടി,ആലി മുട്ടില്‍(എസ്ടിയു)ടി.മണി(എഐടിയുസി) തുടങ്ങിയവര്‍ സംസാരിച്ചു.