നിയന്ത്രണം കര്‍ശനമാക്കി പോലീസ്
കണ്ണൂര്‍: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കണ്ണൂരില്‍ കര്‍ശന നിയന്ത്രണവുമായി ജില്ലാ ഭരണകൂടം. തിങ്കളാഴ്ച രാത്രി മുതല്‍ കണ്ണൂര്‍ ജില്ലാ അതിര്‍ത്തികളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. ഇന്നു രാവിലെയും പരിശോധന തുടരും. കണ്ണൂരിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ പരിശോധന നടത്തിയ ശേഷമാണ് കടത്തിവിടുന്നത്. അനാവശ്യമായി ചുറ്റിക്കറങ്ങുന്ന ഇതരസംസ്ഥാനക്കാരെയടക്കം പോലീസ് താക്കീത് നല്കി തിരികെ അയക്കുന്നുണ്ട്. ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമേ നഗരത്തില്‍ പ്രവേശിപ്പിക്കുന്നുള്ളൂ. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതല്‍ കണ്ണൂര്‍ നഗരത്തില്‍ വാഹനപരിശോധന നടത്തി. വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്നും എന്നാല്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാമെന്നും പോലീസ് അറിയിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും മറ്റ് അവശ്യ സര്‍വീസുകളിലെയും മാധ്യമ പ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ മാത്രമാണ് കണ്ണൂര്‍ നഗരത്തിലേക്ക് കടത്തിവിടുന്നത്. മെഡിക്കല്‍ ഷോപ്പുകളും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുമാണ് തുറന്നിരിക്കുന്നത്. ഹോട്ടലുകള്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ അത്യാവശ്യക്കാര്‍ക്ക് പാഴ്സല്‍ ഭക്ഷണം നല്‍കുന്നുണ്ട്. ഇന്നലെ രാവിലെ കണ്ണൂര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. പോലീസ് കണ്ണൂരിലെ എല്ലാ ജംഗ്ഷനിലും നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നലെ സ്വകാര്യവാഹനങ്ങള്‍ കൂടുതലായി റോഡിലിറങ്ങിയിരുന്നു. എന്നാല്‍ ഇന്നു മുതല്‍ അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ നടത്താന്‍ അനുവദിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ബാറുകള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും വിദേശ മദ്യഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. പുതുക്കിയ സമയക്രമം രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ്. കള്ളുഷാപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ബസ് ഗതാഗതം പൂര്‍ണമായും നിലച്ചതോടെ നഗരത്തില്‍ ആളുകള്‍ കുറവാണ്.