അഫ്ഗാനിസ്താനിൽ ശക്തമായ ഭൂകമ്പം: മരിച്ചവരുടെ എണ്ണം 120 ആയി; 1000 പേർക്ക് പരിക്കേറ്റു

0 84

കാബൂൾ: അഫ്ഗാനിസ്താനിലെ പടിഞ്ഞാറൻ മേഖലയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ 120 പേർ മരിച്ചതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ശനിയാഴ്ചയുണ്ടായത്.1,000 ത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ദുരന്ത നിവാരണ അധികൃതർ അറിയിച്ചു.

”ഇതുവരെ, 1,000 ത്തോളം സ്ത്രീകളെയും കുട്ടികളെയും വയോധികരെയും പരിക്കേറ്റ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 120 പേർക്ക് ജീവൻ നഷ്ടപ്പെട്ടു,” ഹെറാത്ത് പ്രവിശ്യാ ഡിസാസ്റ്റർ മാനേജ്മെന്റ് ഹെഡ് മോസ പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. മേഖലയിലെ ഏറ്റവും വലിയ നഗരമായ ഹെറാത്തിൽ നിന്ന് 40 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ശനിയാഴ്ച രാവിലെ 11 മണിക്കാണ് ആദ്യ ഭൂചലനമുണ്ടായത്. തുടർന്ന് 5.5,4.7,6.3,5.9,4.6 തീവ്രതയുള്ള ഏഴ് തുടർചലനങ്ങളും ഉണ്ടായിട്ടുണ്ട്.

അഫ്ഗാനിസ്താനിൽ ഇടയ്ക്കിടെ ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ, 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഏകദേശം 1,000-ലധികം ആളുകൾ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് പേർക്ക് വീടുകൾ നഷ്ടമാകുകയും ചെയ്തിരുന്നു. കാൽ നൂറ്റാണ്ടിനിടെ അഫ്ഗാനിസ്താനിലുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമായിരുന്നു ഇത്. ഈ വർഷം മാർച്ചിൽ വടക്കുകിഴക്കൻ അഫ്ഗാനിസ്താനിലെ ജുർമിന് സമീപം ഉണ്ടായ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അഫ്ഗാനിസ്താനിലും പാക്കിസ്ഥാനിലുമായി 13 പേർ കൊല്ലപ്പെട്ടിരുന്നു.