വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു; ജാഗ്രത വേണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍

0 443

വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു; ജാഗ്രത വേണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍

കോഴിക്കോട്: കൂട്ടുകാരോടൊത്ത് കളിക്കാന്‍ പോയ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു. വേങ്ങേരിക്കാട് റോഡ് കന്യാടത്ത് പ്രമോദിന്റെ മകന്‍ അജുല്‍ (17) ആണ് മരിച്ചത്. ഇന്നലെ കണ്ണാടിക്കല്‍ പുളിയംവയലിലെ കുളത്തിലായിരുന്നു അപകടം.
കുട്ടികള്‍ ബഹളത്തെ തുടർന്ന് ഓടിയെത്തിയ അടുത്ത വീട്ടിലുണ്ടായിരുന്നയാള്‍ അജുലിനെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് അജുല്‍. വേങ്ങേരിക്കടുത്ത പുതുയുഗ കലാവേദി ഗ്രൗണ്ടില്‍ കളിക്കാനെത്തിയതായിരുന്നു അജുലും കൂട്ടുകാരും. മഴ പെയ്തതിനാല്‍ അവിടെ വെള്ളക്കെട്ടായിരുന്നു. തുടര്‍ന്നാണ് ഇവര്‍ കുളത്തിനടുത്തുള്ള ഒഴിഞ്ഞസ്ഥലത്തേക്കു പോയത്. കൈയും കാലും കഴുകുന്നതിനിടെ അജുല്‍ ചെളിയില്‍ കുടുങ്ങിപ്പോയതാണ് അപകടകാരണമെന്നു കരുതുന്നു.

അതിനിടെ, മുങ്ങിമരണങ്ങള്‍ക്കെതിരേ ജാഗ്രത വേണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.
റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവുമധികം പേര്‍ക്ക് ജീവന്‍ നഷ്ടമാവുന്നത് മുങ്ങിമരണം മൂലമാണെന്നും അശ്രദ്ധയും അറിവില്ലായ്മയും ഇത്തരം അപകടങ്ങള്‍ക്ക് കാരണമാവുന്നുവെന്നും കളക്ടര്‍ എസ്.സാംബശിവറാവു പറഞ്ഞു. വെള്ളത്തിലിറങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പരമാവധി ഒഴിവാക്കാവുന്നതാണ് മുങ്ങിമരണങ്ങളെന്നും കളക്ടര്‍ ഔദ്യോഗിത ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇതു സംബന്ധിച്ച വിശദമായ നിര്‍ദേശങ്ങളും പ്രഥമശുശ്രൂഷാ മാര്‍ഗങ്ങളും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. കളക്ടർ നൽകുന്ന പ്രധാന നിര്‍ദേശങ്ങള്‍: കുളത്തിലോ പുഴയിലോ പാറമടയിലോ കടലിലോ നീന്തുമ്പോഴും കുളിക്കുമ്പോഴും സാഹസം ഒഴിവാക്കുക. ഒഴുക്കുള്ള വെള്ളം, വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇറങ്ങരുത്. ആറ് ഇഞ്ച് ഉയരത്തില്‍ ഒഴുകുന്ന വെള്ളത്തിനു നിങ്ങളെ വീഴ്ത്താന്‍ സാധിക്കും. ആയതിനാല്‍ വെള്ളത്തിലൂടെ നടക്കേണ്ടി വന്നാല്‍ ഒഴുക്കില്ലാത്ത ഭാഗം തെരഞ്ഞെടുക്കുക. നീന്തല്‍ അറിയാത്തപക്ഷം ഒരു കാരണവശാലും പുഴയിലോ കായലിലോ കടലിലോ ഇറങ്ങാതിരിക്കുക. ഒഴുക്കുള്ള വെള്ളത്തിലും പുഴയിലും ആഴം ഇല്ലാത്തതുകൊണ്ടുമാത്രം കുട്ടികള്‍ സുരക്ഷിതരല്ല. ബാലന്‍സ് തെറ്റി വീണാല്‍ ഒരടി വെള്ളത്തില്‍ പോലും മുങ്ങിമരണം സംഭവിക്കാം.

നീന്തല്‍ അറിയാവുന്ന മുതിര്‍ന്ന വ്യക്തിയോടൊപ്പം മാത്രമേ കുട്ടികള്‍ നീന്താനിറങ്ങാവു. വെള്ളത്തിലേക്ക് എടുത്തുചാടാതിരിക്കുക. വെള്ളത്തിന്റെ ആഴം കാണുന്നതിനേക്കാള്‍ കുറവായിരിക്കാം. ചെളി, പാറ, മരക്കൊമ്പുകള്‍ തുടങ്ങിയവ ഉണ്ടാകാനും സാധ്യത ഉണ്ട്. ഒഴുക്കും ആഴവും മനസിലാക്കി സാവധാനം ഇറങ്ങുന്നതാണ് ശരിയായ രീതി. തദ്ദേശസ്ഥാപനങ്ങള്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണം. മദ്യപിച്ചശേഷം ഒരിക്കലും വെള്ളത്തില്‍ ഇറങ്ങരുത്. ജലക്രീഡകള്‍ വിലക്കിയിരിക്കുന്ന സ്ഥലങ്ങളില്‍ ഒരു കാരണവശാലും ഇറങ്ങരുത്. സ്വിമ്മിംഗ് പൂളുകളിലും കൃത്യമായി മുന്‍കരുതല്‍ പാലിച്ചുമാത്രമേ വെള്ളത്തില്‍ ഇറങ്ങാന്‍ പാടുള്ളൂവെന്നും കളക്ടറുടെ നിര്‍ദേശത്തില്‍ പറയുന്നു.