അനുവാദമില്ലാതെ വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോയെടുത്തു, വിനോദ സഞ്ചാരികൾക്ക് നേരെ കയ്യേറ്റം; യുവാക്കൾ അറസ്റ്റിൽ

0 740

കൊച്ചി: കൊച്ചി മുനമ്പത്ത് വിനോദ സഞ്ചാരികളെ ശല്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തല കുട്ടോത്തുവെളി വീട്ടില്‍ മനു (22), കണ്ണൂര്‍ പയ്യന്നൂര്‍ ചെറുപുഴ വെട്ടുവേലില്‍ വീട്ടില്‍ സെന്‍ജോ (31) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റ്‌ ചെയ്തത്.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. മുനമ്പം ചെറായി ബീച്ച് സന്ദര്‍ശിക്കാനായി തമിഴ്നാട്ടില്‍ നിന്നുമെത്തിയ ലോ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അനുവാദമില്ലാതെ വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ എടുക്കുകയും പെണ്‍കുട്ടികളുള്‍പ്പടെയുള്ള സംഘത്തെ കയ്യേറ്റം ചെയ്യുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. സംഭവത്തിന് ശേഷം സ്ഥലം വിട്ട യുവാക്കള്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്.