മകൾക്കൊപ്പം പഠനം; ഒരേ ദിവസം വക്കീൽ കുപ്പായം അണിഞ്ഞ് അമ്മയും മകളും

0 6,168

മകൾക്കൊപ്പം പഠനം; ഒരേ ദിവസം വക്കീൽ കുപ്പായം അണിഞ്ഞ് അമ്മയും മകളും

 

ജീവിതത്തിൽ പല കാരണങ്ങളാൽ വിദ്യാഭ്യാസം മുടങ്ങിപോയവരും സ്വപ്നങ്ങൾക്ക് ഇടവേള നൽകേണ്ടിയും വന്ന നിരവധി വീട്ടമ്മമാർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ മനസും പ്രയത്നവും ഉണ്ടെങ്കിൽ സാധിക്കാത്തതായി ഒന്നുമില്ല എന്ന് തെളിയിച്ചിരിക്കുകയാണ് മറിയം മാത്യു എന്ന വീട്ടമ്മ. ഇരുപത് വർഷമായി വീട്ടമ്മയായി തുടർന്ന മറിയം ഇപ്പോൾ പുതിയ വേഷത്തിലാണ്. എന്താണെന്നല്ലേ? ഇനിമുതൽ വഞ്ചിയൂര്‍ കോടതിയില്‍ വക്കീലാണ് മറിയം. ഇതിൽ കൗതുകകരവും ഏറെ സന്തോഷവും നൽകുന്ന കാര്യം മറിയവും മകൾ സാറയും ഒരുമിച്ചാണ് വക്കീൽ കുപ്പായമണിയുന്നത്. ഇരുവരും പഠിച്ചതും ഒരുമിച്ചാണ്.

ഒരു സാധാരണ വീട്ടമ്മ നേരിടുന്ന എല്ലാ തടസ്സങ്ങളും മറികടന്നാണ് മറിയം മകൾക്കൊപ്പം എൽ എൽ ബി പഠനം പൂർത്തിയാക്കിയത്. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍നിന്നു ബിരുദപഠനം പൂര്‍ത്തിയാക്കിയിരുന്നത്. എന്നാൽ വിവാഹത്തിന് ശേഷം കുടുംബ ജീവിതവുമായി മുന്നോട്ട് പോകുകയായിരുന്നു. പത്തു വർഷത്തോളമായി തിരുവനന്തപുരം മണ്ണന്തലയിലാണ് താമസിക്കുന്നത്. കായംകുളം സ്വദേശിയായ അഡ്വ. മാത്യു പി. തോമസാണ് മറിയത്തിന്റെ ഭർത്താവ്.

 

2016 ലാണ് മകൾ സാറ പഞ്ചവത്സര എൽ എൽ ബിയ്ക്ക് ചേരുന്നത്. തിരുവനന്തപുരം ഗവ. ലോ കോളേജിലായിരുന്നു മകൾ എൽ എൽ ബിയ്ക്ക് ചേർന്നത്. അങ്ങനെയാണ് മറിയത്തിനു നിയമ പഠനത്തിന് ചേരണമെന്ന മോഹം ഉദിയ്ക്കുന്നത്. ഇളയ മകൻ പഠനാവശ്യത്തിനായി ബെംഗളുരുവിലേക്ക് മാറിയതോടെ മറിയം തന്റെ പഠനം ഗൗരവമായി എടുത്തു . മകൾ മൂന്നാം വർഷം എത്തിയപ്പോൾ മറിയം പ്രവേശന പരീക്ഷ എഴുതി ത്രിവത്സര എല്‍.എല്‍.ബി.ക്ക് റഗുലര്‍ ബാച്ചില്‍ പ്രവേശനം നേടുകയും ചെയ്തു. .

അവിടുന്നങ്ങോട്ട് അമ്മയും മകളും ഒരുമിച്ചാണ് പഠിച്ചത്. മകളുടെ പിന്തുണയും പഠനത്തിന് ഏറെ സഹായകമായി എന്ന് മറിയം പറയുന്നു. രണ്ടു പേരും ഫസ്റ്റ് ക്ലാസ്സോടെയാണ് വിജയിച്ചത്. നവംബര്‍ 21-ന് രണ്ടുപേരും അഭിഭാഷകരായി എന്റോള്‍ ചെയ്തു.