ഇരിട്ടി: ഒരു വർഷം മുൻപ് എടുത്ത ഫോട്ടോവിന്റെ പണം ചോദിച്ചതുമായി ബന്ധപ്പെട്ട് സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫറുമായ യുവാവിനെ മർദ്ദിച്ചതായി പരാതി. ഇരിട്ടി ഡയാന സ്റ്റുഡിയോ ഉടമ വിളമനയിലെ പി.പി. മനോജി (47 ) നാണ് മർദ്ദനമേറ്റത്. പരിക്കുകളോടെ മനോജിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടൂർ സ്വദേശി തുണ്ടത്തിൽ മനോജാണ് തന്നെ മർദ്ദിച്ചതെന്ന് ഇയാൾ പറഞ്ഞു.
ഒരു വർഷം മുൻപ് തുണ്ടത്തിൽ മനോജിന്റെ അമ്മ മരണപ്പെട്ടപ്പോൾ ഫോട്ടോ ഗ്രാഫർ മനോജ് അദ്ദേഹത്തിൻറെ സുഹൃത്ത് ആവശ്ജയപ്പെട്ടതു പ്രകാരം കുറച്ച് ഫോട്ടോ എടുത്തിരുന്നു. ഇതിന്റെ പണത്തിനായി പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ആവശ്യപ്പെട്ട പണം തരാൻ കഴിയില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് ഫോട്ടോ കൈമാറിയിരുന്നില്ല. കഴിഞ്ഞ ദിവസവും മനോജ് പണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ഞായറാഴ്ച വൈകുന്നേരം എടൂർ പള്ളയിൽ പോകാനായി എത്തിയപ്പോൾ പള്ളിക്കു സമീപംവെച്ച് തന്നെ ഭാര്യക്ക് മുന്നിൽ വെച്ച് തെറി വിളിക്കുകയും മർദ്ധിക്കുകയുമായിരുന്നു എന്ന് ഫോട്ടോഗ്രാഫർ മനോജ് പറഞ്ഞു.
അതേസമയം ഫോട്ടോവിന് കൂടുതൽ പണം ആവശ്യപ്പെട്ടെന്നും തനിക്ക് കുറച്ചു ഫോട്ടോ മാത്രം മതിയെന്നും അതിനുള്ള പണം തരാമെന്നു പറഞ്ഞിട്ടും ഫോട്ടോ തരാൻ തയ്യാറായില്ലെന്നും തുണ്ടത്തിൽ മനോജ് പറഞ്ഞു. പള്ളിക്കു സമീപമുള്ള തന്റെ വീടിനു മുന്നിൽ വെച്ച് ഇത് ചോദ്യം ചെയ്തപ്പോൾ ഫോട്ടോഗ്രാഫർ തന്നെ പിടിച്ച് തള്ളുകയും മർദ്ധിക്കുകയുമായിരുന്നെന്നു മനോജ് പറഞ്ഞു. തന്റെ വീടിനു മുന്നിൽ വെച്ച് തന്നെയും ഭാര്യയേയും മർദ്ദിക്കുകയായിരുന്നെന്നും ഇയാൾ പറഞ്ഞു. തുണ്ടത്തിൽ മനോജും ഭാര്യ നിഷാ മനോജും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയിട്ടുണ്ട്.
എ കെ പി എ അസ്സോസ്സിയേഷൻ മെമ്പറായ തങ്ങളുടെ സഹപ്രവർത്തകനെ മർദ്ദിച്ചതിൽ അസ്സോസ്സിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇരിട്ടിയിലെ ഡയാന സ്റ്റുഡിയോ ഉടമ മനോജിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വൈകുന്നേരം എ കെ പി എ ഇരിട്ടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവും യോഗവും ചേർന്നു. ഇരിട്ടി പാലത്തിന് സമീപത്ത് ആരംഭിച്ച മാർച്ച് പഴയ ബസ്റ്റാന്റിൽ സമാപിച്ചു. പ്രതിഷേധ യോഗത്തിൽ മുൻ ജില്ലാ പ്രസിഡന്റ് ജോർജ്ജ് രചന, ജില്ലാ പി ആർ ഒ ഷജിത്ത് മട്ടന്നൂർ, സിനോജ് മാക്സ് , രതീഷ് രാമകൃഷ്ണൻ , അഭിലാഷ് കുമാർ, ജിതേഷ് കണ്ണോത്ത്, ജിസൻ ജോർജ്ജ്, തുടങ്ങിയവർ സംസാരിച്ചു.