വിചിത്രമായി കിടന്നുറങ്ങുന്ന സൂപ്പർ ഹീറോ; ടൊവിനോയുടെ പിറന്നാൾ ദിവസം രസകരമായ കുറിപ്പുമായി കൂട്ടുകാർ

0 549

മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോ ടൊവിനോ തോമസന്റെ പിറന്നാളാണിന്ന്. വലിയ സിനിമാപാരമ്പര്യമോ കൈപ്പിടിച്ചുയർത്താൻ ഗോഡ് ഫാദറോ ഒന്നുമില്ലാതെ സിനിമയിലെത്തി സ്വന്തമായൊരിടം നേടിയെടുത്ത താരമാണ് നടൻ ടൊവിനോ . ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയർന്ന് നായകപദവിയോളം എത്തിയ ടൊവിനോ ഇന്ന് മലയാളസിനിമയുടെ ശ്രദ്ധേയ മുഖങ്ങളിൽ ഒന്നാണ്. പ്രഭുവിന്‍റെ മക്കൾ (2012) ആയിരുന്നു ടൊവിനോയുടെ അരങ്ങേറ്റ ചിത്രം. എഞ്ചിനീയറായിരുന്ന ടൊവിനോ ജോലി ഉപേക്ഷിച്ചാണ് തന്റെ പാഷനായ അഭിനയത്തിലേക്ക് എത്തിയത്. പിച്ചവെച്ചും നടന്നും വീണും ഓടിയും വിജയകുതിപ്പ് നടത്തിയും കടന്നുപോയ ടൊവിനോയുടെ കരിയറിലെ പത്തുവർഷങ്ങൾ ആരാധകരും സിനിമാലോകവും ആഘോഷമാക്കിയിരുന്നു.

പിറന്നാൾ ദിവസം ആഘോഷമാക്കാനൊരുങ്ങുകയാണ് താരത്തിന്റെ പ്രിയ കൂട്ടുകാർ. താരങ്ങളായ മാത്തുക്കുട്ടിയും ബേസിൽ ജോസഫും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പുകളാണ് ശ്രദ്ധ നേടുന്നത്. “ഭാവിയിൽ നീ പ്രശസ്തനാകുമ്പോ ഇടാൻ വേണ്ടി പണ്ട് എടുത്ത് വെച്ച ഫോട്ടോ!! ഇനിയും വൈകിയാൽ ചിലപ്പോ പിടിച്ചാൽ കിട്ടാണ്ടാവും.കണ്ടതിൽ വെച്ചേറ്റവും വിചിത്രമായ രീതിയിൽ കിടന്നുറങ്ങുന്ന സൂപ്പർ ഹീറോക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ” എന്നാണ് രസകരമായ ചിത്രം പങ്കുവച്ച് മാത്തുക്കുട്ടി കുറിച്ചത്.