സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ മർദിച്ച സംഭവം: പോലീസ് കേസെടുക്കാൻ വൈകി എന്ന് പരാതി

0 591

തൃപ്പൂണിത്തുറ:  എറണാകുളം തൃപ്പൂണിത്തുറയിലെ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരിയെ പുറത്ത് നിന്ന് വന്നയാൾ ഹെൽമെറ്റ് കൊണ്ട് മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പുതിയകാവ് സ്വദേശി ഷിജിക്കാണ് മർദനമേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. സൂപ്പർമാർക്കറ്റിലെ മറ്റൊരു ജീവനക്കാരിയായ സുജിതയുടെ ഭർത്താവ് സതീഷ് ആണ് മർദിച്ചതെന്ന് ഷിജിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.

എന്നാൽ ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിൽ ഇന്ന് മാത്രമാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. മർദ്ദനമേറ്റത്തിന് പിന്നാലെ സൂപ്പർമാർക്കറ്റ് ഉടമയോടൊപ്പം ഷിജി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നുവെങ്കിലും കേസെടുക്കണോ എന്നാണ് പൊലീസ് ആദ്യം ചോദിച്ചതെന്ന് ഷിജി  പറഞ്ഞു. എന്നാൽ കേസെടുക്കണമെന്ന് ഷിജിയും സൂപ്പർമാർക്കറ്റ് ഉടമയും കർശന നിലപാടെടുത്തു. എന്നിട്ടും വളരെ വൈകിയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്.

ഇയാൾ സൂപ്പർ മാർക്കറ്റിൽ ഫോൺ വിളിച്ച് സുജിതക്ക് നൽകാൻ പറ‍ഞ്ഞെന്നും ഇത് ചെയ്യാത്തതിനാണ് മർദിച്ചതെന്നുമാണ് ആരോപണം.കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഷിജിയുടെ കൈ ഒടി‍ഞ്ഞിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. പ്രതി സതീഷും കുടുംബവും ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ ഷിജിയെ ഇന്ന് കെ.ബാബു എംഎൽഎ സന്ദർശിച്ചു. സംഭവത്തിൽ പൊലീസ് വേണ്ടവിധം പ്രവർത്തിച്ചില്ലെന്നും കേസെടുക്കാൻ വൈകിയെന്നും വിമർശിച്ച എംഎൽഎ പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.