22756 സപ്ലൈകോ കിറ്റുകള്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്തു

0 663

കോവിഡ് 19 പ്രധിരോധ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യ കിറ്റുകളുടെ വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു. ഇന്നലെ (ശനി) ഉച്ച വരെ ജില്ലയില്‍ 22756 കിറ്റുകള്‍ വിതരണം ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
എഎവൈ വിഭാഗത്തിലെ കുടുംബങ്ങള്‍ക്കുള്ള കിറ്റുകളുടെ വിതരണമാണ് റേഷന്‍ കടകളി ലൂടെ ഇപ്പോള്‍ നടക്കുന്നത്. 35862 എഎവൈ കാര്‍ഡുകളാണ് ജില്ലയിലുള്ളത്. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ് സപ്ലൈകോ ഡിപ്പോ മാനേജര്‍മാരാണ്  കിറ്റിനാവശ്യമായ സാധനങ്ങള്‍ ശേഖരിച്ച് കിറ്റുകളാക്കി റേഷന്‍ കടകളില്‍ എത്തിക്കുന്നത്. സാമൂഹിക അകലം പാലിച്ചു കൊണ്ട് കാര്‍ഡുടമകള്‍ അതാതു റേഷന്‍ കടകളില്‍ നിന്നു തന്നെ കിറ്റുകള്‍ വാങ്ങേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  റേഷന്‍ കട ഉടമകള്‍ ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കണം.
ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം തലശ്ശേരി താലൂക്കിലെ  തലശ്ശേരി, കൂത്തുപറമ്പ, പാനൂര്‍ എന്നീ നഗരസഭകളും, ന്യൂ മാഹി, പന്ന്യന്നൂര്‍, ചൊക്ലി, കതിരൂര്‍, പാട്യം, മൊകേരി, ചിറ്റാരി പ്പറമ്പ, കോട്ടയം മലബാര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളും കൊറോണ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള  സാഹചര്യത്തില്‍ ഇവിടങ്ങളിലെ ഗുണഭോക്താക്കള്‍ക്കുളള സൗജന്യ റേഷന്‍, കിറ്റ് എന്നിവ വീടുകളില്‍ എത്തിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട വാര്‍ഡ് അംഗം, കുടുംബശ്രീ എന്നിവരെയാണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഹോം ഡെലിവറിക്ക് സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കരുതെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.