‘മന്ത്രിയെ പിന്തുണച്ചതിന് ലഭിക്കുന്നത് ഭീകരമായ സൈബർ ആക്രമണം; ഒരു കല്യാണ ഫോട്ടോയിൽ എന്നെയും മാറ്റിനിർത്തപ്പെട്ടു’: നടൻ സുബീഷ് സുധി

0 75

 

മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തില്‍ നേരിടേണ്ടിവന്ന ജാതിവിവേചനത്തിനെതിരെ പ്രതികരിച്ചതിന് പിന്നാലെ ലഭിക്കുന്നത് ഭീകരമായ സൈബര്‍ ആക്രമണമെന്ന് നടന്‍ സുബീഷ് സുധി. ഇൻബോക്സിലൂടെയും അല്ലാതെയും ഭീകരമായ തെറിവിളികളാണ് ലഭിക്കുന്നത്. നിലപാടിൽ ഉറച്ചു നിൽക്കുന്നിടത്തോളം കാലം ഈ തെറിവിളികളെ ഭയക്കുന്നില്ല. കാരണം താൻ ഈ സമൂഹത്തിൽ നിന്ന് ഒരുപാട് വിവേചനങ്ങളും മാറ്റിനിർത്തപ്പെടലുകളും അനുഭവിച്ചിട്ടുണ്ടെന്നും സുബീഷ് സുധി വ്യക്തമാക്കി.

വർഷങ്ങൾക്ക് മുമ്പ് അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോഴുണ്ടായ അനുഭവം സുബീഷ് പങ്കുവെച്ചു. മറ്റ് സുഹൃത്തുക്കളുടെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പോയപ്പോൾ കല്യാണം കഴിക്കുന്ന ആൾ തന്നെ മാത്രം മാറ്റിനിർത്തിയത് പൊള്ളുന്ന ഓർമയാണ്. തന്‍റെ ജാതിയോ രൂപമോ ആയിരുന്നിരിക്കാം പ്രശ്നമെന്ന് സുബീഷ് സുധി കുറിച്ചു.

സമൂഹത്തിൽ നിന്ന് പല നിലയിൽ അകറ്റിനിർത്തപ്പെട്ട താൻ സമാനമായ അനുഭവമുണ്ടായ മറ്റൊരു മനുഷ്യന്റെ വേദനയിൽ പ്രതികരിക്കുമെന്ന് സുബീഷ് സുധി പറഞ്ഞു. തന്നെ പിന്തുണക്കാൻ രാഷ്ട്രീയ പാർട്ടികളോ മറ്റുള്ളവരോ ഇല്ല. സമൂഹത്തിലെ നിരാലംബരായ മനുഷ്യർക്ക് വേണ്ടിയും സമൂഹത്തിൽ മാറ്റിനിർത്തപ്പെട്ടവർക്ക് വേണ്ടിയും താനെന്നും പ്രതികരിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.