ന്യൂഡല്‍ഹി: സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വാണിജ്യ നിരക്കില്‍ വൈദ്യുതി നല്കിയാല് മതിയെന്ന സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ വിജ്ഞാപനം സുപ്രീം കോടതി ശരിവച്ചു. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍ക്ക് സമാനമായി സ്വകാര്യ – സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഗാര്‍ഹികേതര നിരക്കില്‍ കുറഞ്ഞ തുകയേ ഈടാക്കാവൂ എന്ന ഹൈകോടതി ഡിവിഷന് ബെഞ്ച് ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കൂടുതല്‍ തുക ഈടാക്കാനുള്ള റെഗുലേറ്ററി കമ്മീഷന്റെ തീരുമാനത്തില്‍ പിഴവില്ലെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്തയും അനിരുദ്ധ ബോസും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സാമ്ബത്തികവും സാമൂഹികവുമായി പിന്നാക്ക അവസ്ഥയിലുള്ള വിദ്യാര്‍ഥികളാണ് സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. നികുതി ദായകന്റെ പണം കൊണ്ടാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ആനുകൂല്യം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കെഎസ്ഇബി നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. കെഎസ്ഇബിക്കുവേണ്ടി പി.വി ദിനേശും, സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശും ഹാജരായി.