‘സര്‍വൈവ്’ ക്യാമ്പയിന്‍’ ; ജില്ലയില്‍ അയ്യായിരത്തോളം തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കാന്‍ കുടുംബശ്രീ

0 268

‘സര്‍വൈവ്’ ക്യാമ്പയിന്‍’ ; ജില്ലയില്‍ അയ്യായിരത്തോളം തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കാന്‍ കുടുംബശ്രീ

  സംസ്ഥാന സർക്കാരിന്റെ നൂറ്‌ ദിന കർമ പദ്ധതിയിൽ ജില്ലയിൽ അയ്യായിരത്തോളം തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കാൻ കുടുംബശ്രീ. ‘സർവൈവ്’‌ ക്യാമ്പയിനിലൂടെ കാർഷിക, സൂക്ഷ്‌മ തൊഴിൽ സംരംഭങ്ങളാണ്‌ തുടങ്ങുക.  ഏഴായിരം അപേക്ഷകൾ ഇതിനകം  ലഭിച്ചു. അപേക്ഷ നൽകാനുള്ള തിയതി 14വരെ നീട്ടിയിട്ടുമുണ്ട്‌. ഒരുവാർഡിൽ 10 സംരംഭങ്ങൾ തുടങ്ങാനാണ്‌ ലക്ഷ്യമിടുന്നത്‌. സംരംഭകർക്ക്‌ വായ്‌പയും സബ്‌സിഡിയും അനുവദിക്കും.

കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വരുമാനദായക പ്രവർത്തനങ്ങൾക്ക്‌ അവസരം ഒരുക്കുകയാണ്‌. വ്യക്തിഗതമായോ, ഗ്രൂപ്പായോ സംരംഭങ്ങൾ തുടങ്ങാം.   മൃഗപരിപാലനം, തയ്യൽ, കാറ്ററിങ്, ഗുമുട്ടി കടകൾ, ഭക്ഷ്യ ഉൽപ്പന്ന  നിർമാണം, കാർഷിക സംരംഭങ്ങൾ, കരകൗശല ഉൽപ്പന്ന നിർമാണം, കാർഷിക സംരംഭങ്ങൾ തുടങ്ങിയ അനുവദിക്കും. അയൽക്കൂട്ടങ്ങൾ വഴിയാണ്‌ സംരഭകരെ തെരഞ്ഞെടുക്കുക. പദ്ധതി നടത്തിപ്പിനായി ജില്ലാ തലത്തിൽ കോർകമ്മിറ്റികൾ  രൂപീകരിച്ച്‌ പ്രവർത്തനം തുടങ്ങി.  അയൽക്കൂട്ടങ്ങൾവഴിയും  അറുപത്തിയെട്ടായിരത്തോളം വരുന്ന കുടുംബശ്രീ വാട്‌സ്‌ ആപ്‌ അംഗങ്ങളിലൂടെയും വിപുലമായ പ്രചാരണം നൽകിയാണ്‌ അപേക്ഷകൾ സ്വീകരിക്കുന്നത്‌. കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ടവർ, സാങ്കേതിക വൈദഗ്‌ധ്യം ഉണ്ടായിട്ടും സംരംഭങ്ങൾ തുടങ്ങാൻ കഴിയാതെ പോയവർ എന്നിവർക്കെല്ലാം മുൻഗണന നൽകും.  ജില്ലാ മിഷന്റെ കൈവശമുള്ള  തുകൾ, സർക്കാർ അനുവദിക്കുന്ന ഫണ്ടുകൾ എന്നിവക്കൊപ്പം വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്‌പ എടുത്തുമാണ്‌ സംരംഭങ്ങൾക്കാവശ്യമായ തുക കണ്ടെത്തുക. പിന്നോക്ക വികസന കോർപ്പറേഷൻ, വനിതാ വികസന കോർപ്പറേഷൻ,  കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, ബാങ്കുകൾ എന്നിവിടങ്ങളിൽനിന്നും വായ്‌പയുമെടുക്കും.  നിലവിൽ ലഭിച്ച അപേക്ഷകളിൽ  കൂടുതലും മൃഗപരിപാലനത്തിനുള്ളതാണ്‌. സംരംഭങ്ങൾ തുടങ്ങാൻ താൽപ്പര്യമുള്ളവർ പ്രാദേശിക അയൽക്കൂട്ടങ്ങളുമായി ബന്ധപ്പെടണമെന്ന്‌ കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ പി സാജിത അറിയിച്ചു