സ്വപ്‌നാ സുരേഷിന് ജാമ്യം;എന്‍ഐഎ കേസില്‍ റിമാന്‍ഡിലായതിനാല്‍ പുറത്തിറങ്ങാനാവില്ല

0 439

സ്വപ്‌നാ സുരേഷിന് ജാമ്യം;എന്‍ഐഎ കേസില്‍ റിമാന്‍ഡിലായതിനാല്‍ പുറത്തിറങ്ങാനാവില്ല

 

തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന് ജാമ്യം. കസ്റ്റംസ് കോടതിയാണ് സ്വപ്‌നാ സുരേഷിന് ജാമ്യം അനുവദിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് 60 ദിവസത്തിന് ശേഷം സ്വപ്‌നയ്ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. കേസില്‍ അറസ്റ്റിലായ 10 പേര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചു. എന്‍ഐഎ കേസില്‍ റിമാന്‍ഡിലായതിനാല്‍ സ്വപ്‌നയ്ക്ക് പുറത്തിറങ്ങാനാവില്ല

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ എഫ്‌ഐആറിലെ കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണമെന്ന് എന്‍ഐഎയോട് വിചാരണ കോടതി നിര്‍ദേശിച്ചിരുന്നു. അല്ലാത്തപക്ഷം എന്‍ഐഎ എടുത്തിരിക്കുന്ന കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്നും കോടതി അന്വേഷണ സംഘത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളടങ്ങിയ കേസ് ഡയറി ഹാജരാക്കണമെന്നും കോടതി എന്‍ഐഎയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് പരിഗണിക്കേണ്ടി വരും. സ്വര്‍ണക്കടത്തില്‍ ലാഭമുണ്ടാക്കിയവരെക്കുറിച്ചും അവരുടെ ബന്ധങ്ങളെക്കുറിച്ചും പ്രത്യേക പട്ടിക നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.