സ്വപ്‌ന സുരേഷിന്റെ സ്‌പേസ് പാർക്കിലെ നിയമനം; സർക്കാർ കണ്ടെത്തലുകളെ തള്ളി ശിവശങ്കറിന്റെ പുസ്തകം

0 378

സ്വപ്ന സുരേഷിന്റെ സ്‌പേസ് പർക്കിലെ നിയമനത്തിൽ ഒരു പങ്കുമില്ലെന്ന ശിവശങ്കറിന്റെ ആത്മകഥയിലെ വാദം സർക്കാർ കണ്ടെത്തലുകളെ കൂടി തള്ളിക്കളയുന്നു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും ചേർന്ന് നടത്തിയ അന്വേഷണത്തിൽ സ്‌പേസ് പാർക്ക് നിയമനത്തിൽ ശിവശങ്കറിന് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നായിരുന്നു ശിവശങ്കറിനെ അന്ന് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും ചേർന്നായിരുന്നു സ്‌പേസ് പാർക്ക് നിയമന ആരോപണം പരിശോധിച്ചത്. തുടർന്ന് തയ്യാറാക്കിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്ത് കൊണ്ടുള്ള അന്നത്തെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഉത്തരവ്. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന് കീഴിലുള്ള സ്‌പേസ് പാർക്കിൽ യു.എ.ഇ കോൺസൽ ജനറലിന്റെ സെക്രട്ടറിയായിരുന്ന വ്യക്തിയെ ഓപ്പറേഷൻ മാനേജരായി നിയമിച്ചതിൽ ശിവശങ്കറിന് വീഴ്ച പറ്റിയെന്നായിരുന്നു സമിതിയുടെ കണ്ടെത്തൽ . 2020 ജൂലൈ 17 ന് പുറത്തിറക്കിയ സസ്‌പെൻഷൻ ഉത്തരവിലും ഇക്കാര്യം വിശദീകരിക്കുന്നു.

അതേ സമയം ശിവശങ്കറിന്റെ പുസ്തകത്തിൽ പറയുന്നത് സ്വപ്നയെ താൻ ശുപാർശ ചെയ്തിട്ടില്ലെന്നാണ്. സ്‌പേസ് പാർക്കിന്റെ ആദ്യ ഘട്ട നടപടികൾക്കായി ചുമതലപ്പെടുത്തിയ കൺസൾട്ടൻസി ഏജൻസി, അവർക്ക് മാനവവിഭവ ശേഷി ലഭ്യമാക്കുന്ന സ്ഥാപനം കരാറിലെടുത്ത ജീവനക്കാരി മാത്രമായിരുന്നു സ്വപ്നയെന്ന വസ്തുത ആരും പറയാറില്ലെന്നും ശിവശങ്കർ കുറ്റപ്പെടുത്തുന്നു. 2020 ഓഗസ്റ്റിൽ ഇക്കാര്യങ്ങൾ രേഖാമൂലം സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇതൊന്നും തിരക്കാൻ പോലും തയ്യാറാവാതെയാണ് ആരോപണങ്ങൾ സത്യമെന്ന് പ്രചരിക്കപ്പെടുന്നത്. ഇത് തന്നെയാണ് സത്യാനന്തര കാല ലക്ഷണമെന്നും ശിവശങ്കർ കുറ്റപ്പെടുത്തുന്നു . ശിവശങ്കറിന്റെ വാദങ്ങൾ ഇതായിരിക്കെ സ്‌പേസ് പാർക്കിലെ നിയമനത്തിൽ എന്ത് വീഴ്ചയാണ് ചീഫ് സെക്രട്ടറി തല കമ്മറ്റി കണ്ടെത്തിയതെന്ന ചോദ്യം ശക്തമാക്കും. ധനകാര്യ പരിശോധനാ വിഭാഗവും നിയമനത്തിലെ വീഴ്ചകൾ കണ്ടെത്തിയിരുന്നു. ഇതോടെ നിലവിൽ സർവീസിലുള്ള ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറി തല സമിതിയുടെ കണ്ടെത്തലുകളെ കൂടി തള്ളിക്കളയുന്ന വാദങ്ങൾ ഉൾപ്പെടുന്ന പുസ്തകം മുൻകൂട്ടി അനുവാദമില്ലാതെ പുറത്തിറക്കുന്നതിൽ സർക്കാരിന് നിലപാട് എടുക്കേണ്ടി വരും.