ചൊക്ലി : ബൈക്കിലെത്തി സ്വര്‍ണമാല തട്ടിപ്പറിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി തൊട്ടില്‍പ്പാലം കരിങ്ങാട് സ്വദേശി വണ്ണത്താന്‍ കോട്ടേമ്മല്‍ രാഹുലി(25)നെയാണ് ചൊക്ലി പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ഡിസംബര്‍ 31-ന് വൈകീട്ട് നാലോടെ മേക്കുന്ന്-ചൊക്ലി റോഡില്‍ മതിയമ്ബത്ത് പള്ളിക്കു സമീപമാണ് കേസിനാസ്പദമായ സംഭവം.
മേനപ്രം കുറ്റിയില്‍പീടികയില്‍ ആറുക്കണ്ടിയില്‍ ജാനു(65)വിന്റെ കഴുത്തിലണിഞ്ഞ സ്വര്‍ണമാല ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയവര്‍ പൊട്ടിച്ചെടുക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. നമ്ബര്‍പ്ലേറ്റ് പകുതിഭാഗം മടക്കിവെച്ചതിനാല്‍ കെ.എല്‍ 18 എന്ന് മാത്രം സമീപത്തെ സി.സി.ടി.വി.യില്‍ പതിഞ്ഞ കറുത്തനിറമുള്ള പള്‍സര്‍ ബൈക്കിനെ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് ചൊക്ലി ഇന്‍സ്പെക്ടര്‍ പി.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ തിരിച്ചറിഞ്ഞത്.
പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.സുഭാഷ്‌ബാബു, എസ്.ഐ.മാരായ കെ.സി.പ്രേമന്‍, കെ.അനില്‍കുമാര്‍, സി.പി.ഒ.മാരായ സഹദേവന്‍, ശ്രീപ്രസാദ്, സുധീര്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘം രണ്ടുമാസത്തോളമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീടിന് പരിസരത്തുവെച്ച് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
കോടതി പ്രതിയെ രണ്ടാഴ്ചചത്തേക്ക് റിമാന്‍ഡ് ചെയ്തു. ബൈക്കില്‍ കൂടെയുണ്ടായിരുന്ന കൂട്ടുപ്രതി തൊട്ടില്‍പ്പാലം സ്വദേശി നിബിന്‍ (25) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു.