വൃക്ക പ്രശ്നത്തിലാണെന്ന് കാണിക്കുന്ന ലക്ഷണങ്ങള്‍? എന്ത് ടെസ്റ്റ് ആണ് ചെയ്യേണ്ടത്?

0 534

വൃക്കസംബന്ധമായ രോഗങ്ങള്‍ പലപ്പോഴും സമയത്തിന് തിരിച്ചറിയപ്പെടാതെ പോകുന്നതും ചികിത്സ ലഭ്യമാക്കാതെ പോകുന്നതുമെല്ലാം വലിയ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാറുണ്ട്. രോഗിയുടെ മരണത്തിലേക്ക് വരെ ഇത് എത്തിക്കാം.

ഇതിന് ഒന്നാമതായി കാരണമാകുന്നത് വൃക്ക രോഗികളില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടാത്ത ലക്ഷണങ്ങളാണ്. രക്തത്തിലെ ക്രിയാറ്റിനിൻ അളവ് പരിശോധിക്കുന്ന സന്ദര്‍ഭങ്ങളിലാണ് പലപ്പോഴും വൃക്കരോഗങ്ങളിലേക്കുള്ള സൂചനകള്‍ ലഭിക്കാറ്.

ക്രിയാറ്റിനിൻ ടെസ്റ്റ് സാധാരണഗതിയില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുള്ള പരിശോധന തന്നെയാണ്. വൃക്കസംബന്ധമായ പ്രശ്നങ്ങളെ മനസിലാക്കുന്നതിന് തന്നെയാണ് ഇത് നിര്‍ദേശിക്കാറ്.

പേശികളിലെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന ഒരു ശേഷിപ്പാണ് ക്രിയാറ്റിനിൻ. ഇത് രക്തത്തില്‍ കലരുകയും വൃക്കയിലെത്തി മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയുമാണ് ചെയ്യുക. എന്നാല്‍ വൃക്ക പ്രശ്നത്തിലാകുമ്പോള്‍ ക്രിയാറ്റിനിൻ ഫലപ്രദമായി പുറന്തള്ളപ്പെടുകയില്ല., അതിനാല്‍ തന്നെ രക്തത്തില്‍ ക്രിയാറ്റിനിൻ അളവ് കൂടുതലായി കാണാം. ഇങ്ങനെയാണ് മിക്ക കേസുകളിലും വൃക്ക പ്രശ്നത്തിലാണെന്ന് തിരിച്ചറിയുക.

ഇനി, വൃക്ക രോഗബാധിതമാകുമ്പോള്‍ ശരീരത്തില്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകുമോ? ആകുമെങ്കില്‍ അവ ഏതെല്ലാം? എന്നത് കൂടി അറിയാം.

ആദ്യമേ സൂചിപ്പിച്ചത് പോലെ വൃക്കരോഗങ്ങളില്‍ പലപ്പോഴും ആദ്യഘട്ടങ്ങളിലൊന്നും രോഗിയില്‍ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. എങ്കിലും കാലില്‍ നീര്, തളര്‍ച്ച, ഓക്കാനവും ഛര്‍ദ്ദിയും, ശ്വാസതടസം, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, രാത്രിയില്‍ ഉറക്കമില്ലായ്മ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ വൃക്കരോഗത്തിന്‍റെ ഫലമായി വരാറുണ്ട്.

ഇത്തരം പ്രശ്നങ്ങള്‍ കണ്ടാല്‍ സ്വയം രോഗനിര്‍ണയം നടത്താതെ പക്ഷേ ക്രിയാറ്റിനിൻ ടെസ്റ്റ് ഒന്ന് ചെയ്തുനോക്കുക. ഇതില്‍ പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ കണ്ട ആരോഗ്യപ്രശ്നങ്ങളുടെ മറ്റ് കാരണങ്ങള്‍ മനസിലാക്കുകയും വേണം. ലക്ഷണങ്ങള്‍ കാണാതെയും ഇടയ്ക്ക് ക്രിയാറ്റിനിൻ പരിശോധന ചെയ്തുനോക്കാവുന്നതാണ്. വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ വൈകാതെ തിരിച്ചറിയുന്നതിന് ഇത് സഹായിക്കും. വൃക്കരോഗത്തില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ തന്നെ മറ്റ് പല സന്ദര്‍ഭങ്ങളിലും കാണാം. ഇത്തരത്തില്‍ ആശയക്കുഴപ്പങ്ങളില്ലാതിരിക്കാൻ കൃത്യമായ പരിശോധനകള്‍ തന്നെ നടത്തുക. ഇതിന് ഡോക്ടറെ കണ്ട് നിര്‍ദേശവും തേടുക.