തളിപ്പറമ്പ് താലൂക്ക് ആശുപത്രി മെറ്റേര്‍ണിറ്റി ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു

0 97

തളിപ്പറമ്പ് താലൂക്ക് ആശുപത്രി മെറ്റേര്‍ണിറ്റി ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു

തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്കായി നിര്‍മ്മിച്ച പുതിയ മെറ്റേര്‍ണിറ്റി ബ്ലോക്കിന്റെയും നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെയും ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.  കല്യാണ വീടുകളില്‍ പോലും ക്ലസ്റ്ററുകള്‍ ഉണ്ടാകുന്ന സ്ഥിതിയാണുള്ളതെന്ന്  ശൈലജ ടീച്ചര്‍ പറഞ്ഞു. കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ആളുകള്‍ക്ക് കൂട്ടത്തോടെ രോഗം വരാനിടയാകുമെന്നും അത് ആശുപത്രികള്‍ നിറഞ്ഞ് കവിയുന്ന സ്ഥിതിയിലേക്ക് നയിക്കുമെന്നും മന്ത്രി പറഞ്ഞു.  പരസ്പരം കൂടിച്ചേരലുകള്‍ ഒഴിവാക്കണം. നിര്‍ദേശങ്ങള്‍ പാലിക്കാതെ കൂടുതല്‍ ആളുകളിലേക്ക് രോഗം എത്താനിടയായാല്‍ ആശുപത്രികളില്‍ നിലവിലെ സൗകര്യങ്ങള്‍ മതിയാകാത്ത സ്ഥിതിവരും. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവര്‍ അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. സര്‍വീസില്‍ ഉള്ള ആളുകളെയാണ് നിലവില്‍ കൊവിഡ് പ്രതിരോധത്തിന് ഉപയോഗപ്പെടുത്തുന്നത്. ഒപ്പം പുതുതായി നിയമിച്ചവരുടെ സേവനവും പ്രയോജനപ്പെടുത്തുന്നു. പുതുതായി ആളുകളെ എടുക്കുന്നതിന് സര്‍ക്കാര്‍ ഒരു തടസ്സവും നിന്നിട്ടില്ല. എന്നാല്‍ നിയമിക്കാന്‍ ആവശ്യമായ ആളുകളെ കിട്ടുന്നില്ല എന്നതാണ് ലഭിക്കുന്ന വിവരം. കൊവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പലരും ജോയിന്‍ ചെയ്യുന്നില്ല. സര്‍വീസില്‍ ഉള്ളവര്‍ തന്നെ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായി വരുന്നുവെന്നും  മന്ത്രി പറഞ്ഞു.
നോണ്‍ കൊവിഡ് ആയിട്ടുള്ള രോഗികളെ പരിശോധിക്കുന്നതിനിടയിലാണ് ആരോഗ്യ പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേര്‍ക്കും രോഗം ബാധിച്ചത്. കൊവിഡ് ബാധയുണ്ടോ എന്നറിയാതെയാണ് വാര്‍ഡുകളില്‍ നിന്ന് ആളുകളെ പരിചരിക്കേണ്ടി വരുന്നത്. 0.4 ശതമാനമാണ് കേരളത്തില്‍ ഇപ്പോള്‍ മരണനിരക്ക്. ഒരു ദിവസം 20 മരണം ഉണ്ടാകുമ്പോള്‍ തന്നെ നമുക്ക് വലിയ ഉത്കണ്ഠയും സങ്കടവുമാണ്. 70 നും 80 നും വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് മരണപ്പെട്ടവരില്‍ ഭൂരിപക്ഷവും. ചെറുപ്പക്കാരില്‍ ലിവര്‍ ട്രാന്‍സ് പ്ലാന്റ് കഴിഞ്ഞവരും വൃക്ക സംബന്ധിയായ അസുഖം ബാധിച്ച് ചികിത്സയിലുള്ളവരുമാണ് മരണപ്പെട്ടവരിലധികവും. ആള്‍ക്കൂട്ടം  ഒഴിവാക്കുക എന്നത് മാത്രമാണ് നമുക്ക് മുന്നിലുള്ളതെന്നും കൃത്യമായ അകലം പാലിച്ചും മാസ്‌ക് ധരിച്ചും മാത്രമേ ഇടപഴകാവൂയെന്നും മന്ത്രി പറഞ്ഞു.
അമ്മമാരുടെയും കുട്ടികളുടെയും മികച്ച രീതിയിലുള്ള ആരോഗ്യസംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്കായി പുതിയ മെറ്റേര്‍ണിറ്റി ബ്ലോക്ക് അനുവദിച്ചത്. 5377 ചതുരശ്ര അടിയില്‍ അഞ്ച് നിലകളിലായാണ്  കെട്ടിടം. ഒ പി, ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, വാര്‍ഡുകള്‍, ഐ സി യു, വിശാലമായ കാത്തിരിപ്പ് സൗകര്യം, ഫാര്‍മസി, സ്റ്റോര്‍, ലാബ്, പി പി യൂണിറ്റ് എന്നീ സൗകര്യങ്ങളോടെയാണ്  ബ്ലോക്ക് നിര്‍മ്മിച്ചിട്ടുള്ളത്. ഇതിന് പുറമെ അള്‍ട്രാസൗണ്ട് സ്‌കാനിങ്, സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍, ബയോമെഡിക്കല്‍ വേസ്റ്റ് റൂം എന്നീ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിസപ്ഷന്‍ കൗണ്ടര്‍, ട്രയേജ്, ആറ് കിടക്കകളുള്ള നിരീക്ഷണ മുറി, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ഐസൊലേഷന്‍ സംവിധാനം, പ്ലാസ്റ്റര്‍ റൂം, സ്റ്റോര്‍, കൂട്ടിരിപ്പുകാര്‍ക്കുള്ള വെയിറ്റിംഗ് ഏരിയ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ജെയിംസ് മാത്യു എം എല്‍ എ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷന്‍  മഹമ്മൂദ് അള്ളാംകുളം, ഉപാധ്യക്ഷ വത്സല പ്രഭാകരന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി ഉമ്മര്‍, വാര്‍ഡ് കൗണ്‍സലര്‍ സി മുഹമ്മദ് സിറാജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ ടി രേഖ എന്നിവര്‍ പങ്കെടുത്തു