തളിപ്പറമ്പ് താലൂക്ക് ആശുപത്രി മെറ്റേര്‍ണിറ്റി ബ്ലോക്ക് ഉദ്ഘാടനം അഞ്ചിന്

0 149

തളിപ്പറമ്പ് താലൂക്ക് ആശുപത്രി മെറ്റേര്‍ണിറ്റി ബ്ലോക്ക് ഉദ്ഘാടനം അഞ്ചിന്

തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്കായി നിര്‍മ്മിച്ച പുതിയ മെറ്റേര്‍ണിറ്റി ബ്ലോക്കിന്റെയും നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെയും ഉദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് രാവിലെ 10.30 ന് ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷനാകും.
തളിപ്പറമ്പിലെയും പരിസരപ്രദേശങ്ങളിലെയും അമ്മമാരുടെയും കുട്ടികളുടെയും മികച്ച രീതിയിലുള്ള ആരോഗ്യസംരക്ഷണം എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രിക്കായി മെറ്റേര്‍ണിറ്റി ബ്ലോക്ക് അനുവദിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. 5377 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അഞ്ച് നിലകളിലായാണ് കെട്ടിടം.  ഒ പി, ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, വാര്‍ഡുകള്‍, ഐ സി യു, വിശാലമായ കാത്തിരിപ്പ് സൗകര്യം, ഫാര്‍മസി, സ്റ്റോര്‍, ലാബ്, പി പി യൂണിറ്റ് എന്നീ സൗകര്യങ്ങളോടെയാണ് പുതിയ ബ്ലോക്ക്. ഇതിന് പുറമെ അള്‍ട്രാസൗണ്ട് സ്‌കാനിങ്, സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍, ബയോമെഡിക്കല്‍ വേസ്റ്റ് റൂം എന്നീ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിസപ്ഷന്‍ കൗണ്ടര്‍, ട്രയേജ്, ആറ് കിടക്കകളുള്ള നിരീക്ഷണ മുറി, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ഐസൊലേഷന്‍ സംവിധാനം, ഫാര്‍മസി, പ്ലാസ്റ്റര്‍ റൂം, സ്റ്റോര്‍, കൂട്ടിരിപ്പുകാര്‍ക്കുള്ള വെയിറ്റിംഗ് ഏരിയ എന്നിവയും ആശുപത്രിക്കായി ഒരുക്കിയിട്ടുണ്ട്. 1.30 കോടി രൂപ എന്‍ എച്ച് എം ല്‍ നിന്നും 35 ലക്ഷം രൂപ എം എല്‍ എ ഫണ്ടില്‍ നിന്നും ഉപയോഗിച്ചാണ് ആവശ്യമായ ഉപകരണങ്ങള്‍ സജ്ജീകരിച്ചത്. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ 34.17 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയിലുള്ള എമര്‍ജന്‍സി വിഭാഗവും 15.46 ലക്ഷം രൂപയുടെ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുള്ളത്.
മലയോരമേഖല ഉള്‍പ്പെടെ സമീപ പഞ്ചായത്തുകളിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ പ്രധാന ആശ്രയമാണ് തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി. 1912 ല്‍ ഡിസ്‌പെന്‍സറിയായാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. 1965 ല്‍ ഗവ. ആശുപത്രിയായും 2004 ല്‍ ഫസ്റ്റ് റഫറല്‍ യൂണിറ്റായും ഉയര്‍ത്തപ്പെട്ടു. ജനറല്‍ മെഡിസിന്‍, എല്ല് രോഗം, ജനറല്‍ സര്‍ജറി, ഗൈനക്കോളജി, മാനസികാരോഗ്യം, ഇഎന്‍ടി, കുട്ടികളുടെ വിഭാഗം തുടങ്ങി 11 ഓളം സ്‌പെഷ്യാലിറ്റി യൂണിറ്റുകള്‍ നിലവില്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.