പ്രഭാതഭക്ഷണ പദ്ധതി കൃത്യമായി നടക്കുന്നുണ്ടോ എന്നറിയാന്‍ സ്കൂളില്‍ തമിഴ്നാട് മുഖ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; അമ്പരപ്പ് മാറാതെ വിദ്യാർഥികളും അധ്യാപകരും

0 725

വെല്ലൂർ: പ്രഭാതഭക്ഷണ പദ്ധതി കൃത്യമായി നടക്കുന്നുണ്ടോ എന്നറിയാന്‍ സ്കൂളില്‍ അപ്രതീക്ഷിത പരിശോധന നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. വെല്ലൂർ ജില്ലയിലെ ആദി ദ്രാവിഡർ സ്‌കൂളിലായിരുന്നു മുഖ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം. വെല്ലൂർ ജില്ലാ കലക്ടർ കുമാരവേൽ പാണ്ഡ്യൻ, വെല്ലൂർ കോർപ്പറേഷൻ കമ്മീഷണർ പി.അശോക് കുമാർ എന്നിവരും സ്റ്റാലിനൊപ്പമുണ്ടായിരുന്നു.

രാവിലെ ഏഴരയോടെ സ്‌കൂളിലെത്തിയ മുഖ്യമന്ത്രി സ്‌കൂളിലെ പ്രധാനാധ്യാപകൻ അൻപഴകനുമായി സ്‌കൂളിന്റെ ആവശ്യങ്ങളെക്കുറിച്ചും അവിടെ നൽകുന്ന പ്രഭാതഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു. മുഖ്യമന്ത്രിയെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ മിണ്ടാൻ പോലും കഴിഞ്ഞില്ലെന്നും സ്‌കൂൾ ഹെഡ്മാസ്റ്റർ അൻപഴകൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി കുറച്ച് വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം വിളമ്പുകയും വിദ്യാർത്ഥികളുടെ എണ്ണം, അവരുടെ പഠനത്തെക്കുറിച്ചെല്ലാം ചോദിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ആദി ദ്രാവിഡർ ആന്റ് ട്രൈബൽ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള സർക്കാർ സ്‌കൂളാണ്. 73 പെൺകുട്ടികൾ ഉൾപ്പെടെ 132 കുട്ടികളാണ് സ്‌കൂളിൽ ഇപ്പോൾ പഠിക്കുന്നത്. ഭൂരിഭാഗം വിദ്യാർഥികളും ആദിവാസി ഇരുള വിഭാഗത്തിൽ നിന്നുള്ളവരാണ്. വെല്ലൂർ കോർപ്പറേഷൻ പരിധിയിലെ സത്തുവാചാരിയിലെ വെൽനസ് സെന്ററും മുഖ്യമന്ത്രി സന്ദർശിച്ചു. സംസ്ഥാന സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യ പ്രഭാതഭക്ഷണം നൽകുന്ന കമ്മ്യൂണിറ്റി കിച്ചണും എം കെ സ്റ്റാലിൻ സന്ദർശിച്ചു.