തമിഴ്‌നാടും ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി

0 1,350

തമിഴ്‌നാടും ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി

മഹാരാഷ്ട്രക്ക് പിന്നാലെ തമിഴ്നാടും ലോക്ക്ഡൗൺ മേയ് 31 വരെ നീട്ടി. കോവിഡ്-19 പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗൺ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇരു സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നീട്ടിയത്.

തമിഴ്നാട്ടിൽ 37 ജില്ലകളാണുള്ളത്. ഇതിൽ 12 ജില്ലകൾ അതിതീവ്ര കോവിഡ് വ്യാപനം നടക്കുന്നയിടങ്ങളാണ്. ഈ 12 ജില്ലകളിലും മൂന്നാംഘട്ടത്തിൽ എങ്ങനെ ആയിരുന്നുവോ ലോക്ക്ഡൗൺ നടപ്പാക്കിയിരുന്നത് അങ്ങനെ തന്നെ നടപ്പാക്കും. മറ്റ് 25 ജില്ലകളിൽ ഇളവുകളോടെ ലോക്ക്ഡൗൺ നടപ്പാക്കും. ജില്ലയ്ക്കകത്ത് സഞ്ചരിക്കുന്നതിന് പാസ് വേണ്ട തുടങ്ങിയ ഇളവുകളാകും ഇവിടെ ലഭിക്കുക.

എന്നാൽ അതിതീവ്ര ബാധിതമായ 12 ജില്ലകളിലേക്ക് പോകുന്നതിന് പാസ് വേണം. സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ നഗര പ്രദേശങ്ങളിലേത് ഉൾപ്പെടെയുള്ള വ്യാപാരശാലകൾക്ക് അമ്പതുശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിപ്പിക്കാമെന്ന ഇളവും നൽകിയിട്ടുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയും ലോക്ക്ഡൗൺ മേയ് 31 വരെ നീട്ടിയത്. സംസ്ഥാന വ്യാപകമായി ലോക്ക് ഡൗൺ നീട്ടിയെങ്കിലും ഏതൊക്ക് മേഖലകളിൽ ഇളവ് അനുവദിക്കുമെന്ന കാര്യത്തിൽ വിശദീകരിച്ച ഉത്തരവ് ഉടൻ ഇറങ്ങും.