തമിഴ്‌നാട്ടില്‍ ക്രിസ്ത്യന്‍ പള്ളി കത്തിനശിച്ച നിലയില്‍

0 976

ചെന്നൈ: തമിഴ്‌നാട്ടില്‍ 10 വര്‍ഷത്തോളം പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളി കത്തിനശിച്ച നിലയില്‍ കണ്ടെത്തി. ചെംഗല്‍പട്ട് ജില്ലയിലെ കരൈത്തിട്ടു ഗ്രാമത്തിലെ പള്ളിയാണ് ശനിയാഴ്ച കത്തിനശിച്ചത്. വൈദ്യുതിയില്ലാത്ത പള്ളിയില്‍ തീപടര്‍ന്നതെങ്ങനെയെന്ന് വ്യക്തമല്ല. കൊവിഡ് 19 കാരണം മാര്‍ച്ചില്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കഴിഞ്ഞ രണ്ട് മാസമായി പള്ളിയില്‍ ആരാധനകളൊന്നും നടന്നിരുന്നില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പള്ളിയുടെ മേല്‍ക്കൂര പൂര്‍ണമായും വാതിലുകള്‍ ഭാഗികമായും കത്തിയ നിലയിലാണുള്ളത്.

ചെന്നൈയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയുള്ള പാലാര്‍ നദിക്കടുത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. പള്ളിയുടെ മേല്‍ക്കൂരയ്ക്കുള്‍പ്പെടെ കത്തിനശിച്ചതായി റിയല്‍ പീസ് ഗോസ്പല്‍ മിനിസ്ട്രി തലവനും കാഴ്ച്ച വെല്ലുവിളി നേരിടുന്നയാളുമായ പാസ്റ്റര്‍ രമേശ് ജെബരാജ് എന്‍ഡിടിവിയോട് പറഞ്ഞു. കാറ്റാടി മരത്തില്‍ നിര്‍മിച്ച തൂണുകള്‍, മ്യൂസിക്കല്‍ ഡ്രം, മൈക്രോഫോണുകള്‍, മേശ തുടങ്ങിയവ കത്തിനശിച്ചിട്ടുണ്ട്. ‘ആസൂത്രിതമായ ആക്രമണമാണെന്ന് സംശയിക്കുന്നതായും എന്നാല്‍, ആരാണു പിന്നിലെന്ന് സംശയിക്കുന്നില്ല. എല്ലാ മതവിശ്വാസികളും പ്രാര്‍ത്ഥനയ്ക്കായി ഇവിടെയെത്താറുണ്ട്. അതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടാവാം. ഞങ്ങള്‍ അവരോട് ക്ഷമിക്കുന്നു’-പാസ്റ്റര്‍ രമേശ് ജെബരാജ് പറഞ്ഞു.

കേസില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അന്വേഷണത്തില്‍ സംശയകരമായ യാതൊന്നും കണ്ടെത്താനായിട്ടില്ല. പ്രദേശവാസികള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. ആകസ്മികമായ തീപിടിത്തത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പോലിസ് ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പറഞ്ഞു. ‘വൈദ്യുതി കണക്ഷനില്ലാത്തതിനാല്‍ പള്ളിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യതയില്ല. ശുശ്രൂഷാ സമയത്ത് റീചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ബാറ്ററികള്‍ മാത്രമാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. അവ തിരിച്ചുകൊണ്ടുപോവുകയാണ് പതിവെന്നും പാസ്റ്റര്‍ രമേശ് പറഞ്ഞു.