തളിപ്പറമ്പ് ജില്ലാ ജയിലിന് മുഖ്യമന്ത്രി ശിലയിട്ടു

0 94

 

തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ട് നിര്‍മിക്കുന്ന ഹൈടെക് ജില്ലാ ജയിലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ജയിലിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
8.48 ഏക്കര്‍ സ്ഥലത്ത് 18.5 കോടി രൂപ ചെലവിലാണ് മികച്ച സൗകര്യങ്ങളോടുകൂടിയ ജില്ലാ ജയില്‍ നിര്‍മിക്കുന്നത്. രണ്ട് നിലകളില്‍ അഞ്ചു ബ്ലോക്കുകളായി നിര്‍മിക്കുന്ന ജയിലില്‍ 500 പേരെ പാര്‍പ്പിക്കാനാവും. ഡിജിറ്റല്‍ ലൈബ്രറി, അത്യാധുനിക അടുക്കള, ഡൈനിംഗ് ഹാള്‍, പൂന്തോട്ടം എന്നിവയും ജയിലില്‍ ഒരുക്കും. ആദ്യഘട്ട പ്രവൃത്തികള്‍ക്കായി 7.7 കോടി രൂപ അനുവദിച്ചുകഴിഞ്ഞു. പയ്യന്നൂര്‍, പെരിങ്ങോം, ചെറുപുഴ, പഴയങ്ങാടി, പരിയാരം, ആലക്കോട്, കുടിയാന്‍മല, ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, പയ്യാവൂര്‍ പോലിസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെയാണ് ഇവിടെ പാര്‍പ്പിക്കുക. നിലവില്‍ ഇവരെ കണ്ണൂരിലെ വിവിധ ജയിലുകളിലാണ് താമസിപ്പിക്കുന്നത്.
ചടങ്ങില്‍ ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. കുറ്റകൃത്യം ചെയ്തവര്‍ക്ക് മാനസാന്തരത്തിനും സ്വയം സംസ്‌കരണത്തിനുമുള്ള ഇടങ്ങളായി ജയിലുകള്‍ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ മികച്ച സൗകര്യങ്ങളോടെയുള്ള ജയിലുകള്‍ നിര്‍മിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. 800 പേരെ പാര്‍പ്പിക്കാവുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 1200ലേറെ പേരെ താമസിപ്പിക്കേണ്ടിവരുന്ന സ്ഥിതിയുണ്ട്. മോഷണം പോലുള്ള താരതമ്യേന ചെറിയ കുറ്റങ്ങള്‍ക്ക് ജയിലുകളില്‍ കഴിഞ്ഞവര്‍ കൊടും ക്രിമിനലുകളായി പുറത്തുവരുന്ന സാഹചര്യം ഉണ്ടായിക്കൂടാ. കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ മാത്രമല്ല, സമൂഹത്തിന്റെ നന്‍മയ്ക്കായി പ്രവര്‍ത്തിച്ചവരും പലപ്പോഴും ജയിലില്‍ കിടക്കേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ മഹ്മൂദ് അള്ളാംകുളം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ്, ജയില്‍ ഡിഐജി എസ് സന്തോഷ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സി ജീജ, പരിയാരം ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ടി ഷീബ എന്നിവര്‍ സംസാരിച്ചു. ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് സ്വാഗതവും ഉത്തരമേഖലാ ജയില്‍ ഡിഐജി എം കെ വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു.

Get real time updates directly on you device, subscribe now.