പീഡനത്തിലൂടെ ഗര്‍ഭം ധരിച്ച്‌ പതിനാറുകാരി; നവജാത ശിശുവിനെ തറയിലടിച്ച്‌ കൊന്നു

0 525

 

ലഖ്‌നൗ: ലൈംഗികാതിക്രമത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പതിനാറുകാരി നവജാത ശിശുവിനെ കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ കഴിഞ്ഞ മാസമാണ് സംഭവം.

ജനുവരി 31നാണ് അഴുകിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ജനിച്ചയുടന്‍ കുട്ടിയെ തറയിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി സമ്മതിച്ചു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ജോലിക്ക് നിന്ന വീട്ടിലെ 30 വയസുകാരനില്‍ നിന്നുമാണ് പെണ്‍കുട്ടി കുഞ്ഞിനെ ഗര്‍ഭം ധരിച്ചത്. ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ ഭീഷണിയെ തുടര്‍ന്നാണ് ലൈംഗീകാതിക്രമത്തെ കുറിച്ച്‌ പരാതിപ്പെടാതിരുന്നതെന്ന് പെണ്‍കുട്ടിയും അമ്മയും പൊലീസിനോട് പറഞ്ഞു.

കുഞ്ഞിന്റെ മൃതദേഹം, തുണിയില്‍ പൊതിഞ്ഞ് പെണ്‍കുട്ടിയുടെ അമ്മയാണ് അടുത്തുള്ള ഓടയില്‍ ഉപേക്ഷിച്ചത്. അമ്മയ്ക്കും പെണ്‍കുട്ടിക്കുമെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ ജുവൈനല്‍ ഹോമിലും അമ്മയെ ജില്ലാ ജയിലിലും പ്രവേശിപ്പിച്ചു.

പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ആള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ നടക്കുകയാണെന്നും പോക്സോ കുറ്റം ചുമത്തി കേസെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി.