കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ വോട്ടര്‍ ഐഡി കാര്‍ഡിലെ തെറ്റ് തിരുത്താന്‍ അപേക്ഷിച്ച വ്യക്തിക്ക് കിട്ടിയത് നായയുടെ പടമുള്ള ഐഡി കാര്‍ഡ്. മൂര്‍ഷിദാബാദിലെ രാംനഗര്‍ സ്വദേശിയായ സുനില്‍ കര്‍മാക്കറുടെ ഐഡി കാര്‍ഡിലാണ് അധികാരികള്‍ക്ക് അമളി പിണഞ്ഞത്.
ഐഡി കാര്‍ഡിലെ തെറ്റ് തിരുത്താനായാണ് സുനില്‍ അപേക്ഷ നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ നിന്നും സുനിലിനെ വിളിപ്പിച്ചു. തിരുത്തി ലഭിച്ച കാര്‍ഡ് അദ്ദേഹത്തിനു കൈമാറി. കവര്‍ തുറന്നുനോക്കിയ സുനില്‍ ശരിക്കും ഞെട്ടി. തന്റെ ചിത്രത്തിന് പകരം നായയുടെ ചിത്രമാണ് ഇതിലുള്ളത്.
തന്നെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും സുനില്‍ ആവശ്യപ്പെട്ടു. അതേസമയം, സുനിലിന് നല്‍കിയിരിക്കുന്ന കാര്‍ഡ് അന്തിമമല്ലെന്നാണ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ നല്കുന്ന വിശദീകരണം.