സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിനെ പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനം ചൊവ്വാഴ്ച
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനം ചൊവ്വാഴ്ച. കേസിൽ ശിവശങ്കറിനെ പ്രതി ചേർക്കുന്ന കാര്യത്തിൽ കസ്റ്റംസ് നിയമോപദേശം തേടി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിൽ വ്യക്തമായ മറുപടി നൽകാൻ ശിവശങ്കറിന് സാധിച്ചില്ലെന്നാണ് സൂചന.കഴിഞ്ഞ രണ്ട് ദിവസം കസ്റ്റംസ് തുടർച്ചയായി ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്ത് കേസ് പ്രതികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. സ്വർണക്കടത്തിന് പുറമേ ഈന്തപ്പഴം ഇറക്കുമതി ചെയ്ത് വിതരണം ചെയ്ത കേസിലും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. പല ചോദ്യങ്ങൾക്കും ശിവശങ്കറിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. വരുന്ന ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും ശിവശങ്കറിന് നോട്ടീസ് നൽകിയിട്ടുണ്ട്. ശിവശങ്കറിനെ സംബന്ധിച്ച് ചൊവ്വാഴ്ച നിർണായകമായിരിക്കും.