വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിൽ പ്രതി അറസ്റ്റിൽ

0 485

കൊട്ടിയൂര്‍: വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിൽ ബന്ധുകൂടിയായ പ്രതി അറസ്റ്റിൽ. കൊട്ടിയൂർ കണ്ടപ്പുനത്തെ കണ്ണികുളത്തിൽ രാജു (55)ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലർച്ചെ ആണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി ബന്ധുവും അയൽവാസിയുമായ കണ്ണികുളത്തിൽ വിജയമ്മയെ ആക്രമിച്ച് മാല കവരുകയായിരുന്നു. വിജയമ്മയുടെ ഒന്നര പവന്‍ തൂക്കം വരുന്ന മാലയാണ് കവര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. വിജയമ്മ ഒറ്റക്ക് താമസിച്ചു വരികയായിരുന്നു. വീടിൻ്റെ പുറകുവശത്തെ വാതില്‍ ചവിട്ടി തുറന്ന മോഷ്ടാവ് എതിര്‍ക്കാന്‍ ശ്രമിച്ച വിജയമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു മാല മോഷ്ടിക്കുകയായിരുന്നു. പരിക്കേറ്റ വിജയമ്മയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. വിജയമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്. സംഭവസ്ഥലത്തു വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തിയിരുന്നു. പേരാവൂർ ഡി വൈ എസ് പി എ വി ജോൺ കേളകം എസ് എച്ച് ഒ ജാൻസി മാത്യു തുടങ്ങിയവർക്കാണ് അന്വേഷണ ചുമതല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.