പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുക തന്നെ ചെയ്യും: മുഖ്യമന്ത്രി പിണറായി വിജയൻ
വികസനം ഭാവി തലമുറയ്ക്ക് വേണ്ടിയുള്ളതാണെന്നും അതിനാൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമപരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ട് നവകേരളം കർമ്മ പദ്ധതി-2 വിദ്യാകിരണം മിഷന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ രണ്ട് സ്‌കൂളുകൾ ഉൾപ്പെടെ 53 സ്‌കൂൾ കെട്ടിടങ്ങളുടെയും ഉൽഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ എല്ലാ വിഭാഗത്തേയും എല്ലാ പ്രദേശങ്ങളേയും സമഗ്രമായി സ്പർശിക്കുന്ന വികസന പദ്ധതികളാണ് സർക്കാറിന്റേത്. പറഞ്ഞതെല്ലാം നടപ്പാക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുള്ള സർക്കാറാണിത്. നടപ്പാക്കുന്നത് മാത്രമേ പറയൂ എന്ന് സർക്കാറിനും ഉറപ്പുണ്ട്. ഇത് മനസിലാവാത്ത ചില മനസ്സുകളാണ് വികസന പദ്ധതികൾക്കെതിരെ എതിർപ്പുമായി വരുന്നത്-മുഖ്യമന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 9,34000 കുട്ടികളാണ് പുതുതായി പൊതുവിദ്യാലയങ്ങളിലെത്തിയത്. നീതി ആയോഗ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ സർവ്വെകളിൽ കേരളം ഒന്നാമതാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് സർക്കാർ. വിജ്ഞാന സമൂഹമെന്ന നിലയിലാണ് കേരളീയ സമൂഹം മുന്നോട്ട് പോകുന്നത്. അതിന് സർക്കാറിന്റെ സർവ്വ പിന്തുണയുമുണ്ടാകും-മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പൂവച്ചൽ സ്‌കൂളിൽ നടന്ന പരിപാടിയിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആൻറണി രാജു, ജി ആർ അനിൽ, ജി സ്റ്റീഫൻ എം എൽ എ, നവകേരളം കോ ഓർഡിനേറ്റർ ടി.എൻ സീമ, ചീഫ് സെക്രട്ടറി വി പി ജോയി എന്നിവർ പങ്കെടുത്തു.
നവകേരളം കർമ പദ്ധതി (രണ്ട്) വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാൻ ഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് ഈ വിദ്യാലയങ്ങളുടെ കെട്ടിട നിർമാണം പൂർത്തിയാക്കിയത്. അഞ്ച് കോടി രൂപ ധനസഹായത്തോടെ നാല് സ്‌കൂൾ കെട്ടിടങ്ങളും മൂന്ന് കോടി രൂപ ധനസഹായത്തോടെ 10 സ്‌കൂൾ കെട്ടിടങ്ങളും ഒരു കോടി രൂപ ധനസഹായത്തോടെ രണ്ട് സ്‌കൂൾ കെട്ടിടങ്ങൾ, പ്ലാൻ ഫണ്ടും മറ്റ് ഫണ്ടുകളും ഉപയോഗിച്ചു കൊണ്ടുള്ള 37 സ്‌കൂൾ കെട്ടിടങ്ങൾ എന്നിവയാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്.