ജനനേതാക്കളെയും ജനപ്രതിനിധികളെയും പൊതു പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് കെ.റെയിൽ വിരുദ്ധസമര പോരാട്ടത്തെ തകർക്കാൻ കഴിയുമെന്ന ധാരണ മൗഢ്യമാണെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കുഞ്ഞി മുഹമ്മദും ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരിയും പറഞ്ഞു.
കണ്ണൂർ താണ, കണ്ണൂക്കര എന്നിവിടങ്ങളിൽ കെ.റെയിലിനായി സർവ്വെ കല്ലുകൾ സ്ഥാപിക്കുന്നത് തടഞ്ഞ കോർപാറേഷൻ ഡപ്യൂട്ടി മേയറെയും കൗൺസിലർമാരുൾപ്പെടെയുള്ളവരെയും അറസ്റ്റ് ചെയ്ത പോലീസ് നടപടിയോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. ഭരിക്കുന്നവരുടെ ആജ്ഞാനുവർത്തികളായി സി.പി.എമ്മിന് ദാസ്യ പണി എടുക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
അതിനിടെ ജില്ലാ മുസ്ലിം ലീഗ് കമ്മറ്റി പയ്യന്നൂരിൽ നടത്തിയ ഡി.വൈ.എസ്.പി.ഓഫീസ് മാർച്ച് കഴിഞ്ഞ് കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലെത്തിയ നേതാക്കൾ കസ്റ്റഡിയിലുള്ളവരോട് സംസാരിച്ചു കൊണ്ടിരിക്കെ, പോലീസ് നേതാക്കളോട് അപമര്യാദയായി പെരുമാറിയത് വീണ്ടും തർക്കത്തിനിടയാക്കി.