പി ടി തോമസിന് നിയമസഭ ഇന്ന് ചരമോപചാരം അര്‍പ്പിക്കും

0 952

മുന്‍ എംഎല്‍എ പി ടി തോമസിന് ഇന്ന് നിയമസഭ ചരമോപചാരം അര്‍പ്പിക്കും. സ്പീക്കര്‍ , മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കക്ഷി നേതാക്കള്‍ എന്നിവര്‍ പിടി തോമസിനെ അനുസ്മരിക്കും. മറ്റു നടപടികളിലേക്കു കടക്കാതെ സഭ ഇന്നത്തേക്കു പിരിയും. ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയം നാളെ അവതരിപ്പിക്കും. നാളെ മുതല്‍ 24 വരെ നടക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷം നന്ദി പ്രമേയം പാസാക്കും. 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളിക്കില്ല.

വളരെ അപ്രതീക്ഷിതമായാണ് നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന ഇച്ഛാശക്തിയുടെ പേരില്‍ വ്യത്യസ്തനായിരുന്ന പി ടി തോമസ് ഡിസംബര്‍ 22ന് അന്തരിച്ചത്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു അപ്രതീക്ഷിത വിയോഗം. കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റായിരിക്കെയായിരുന്നു പി ടി തോമസിന്റെ അന്ത്യം. കോണ്‍ഗ്രസ് നിയമസഭാ സെക്രട്ടറി ആയിരുന്നു. തൊടുപുഴയില്‍ നിന്ന് രണ്ട് തവണ എംഎല്‍എ ആയിരുന്നു.

നിരവധി തവണ എംഎല്‍എ ആയിട്ടുണ്ട്. തൃക്കാക്കര, തൊടുപുഴ മണ്ഡലങ്ങളില്‍ നിന്നാണ് അദ്ദേഹം എംഎല്‍എ ആയിട്ടുള്ളത്. അതിനു മുന്‍പ് ഇടുക്കിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു. ഇക്കഴിഞ്ഞ കെപിസിസി പുനസംഘടനയിലാണ് അദ്ദേഹത്തെ വര്‍ക്കിംഗ് പ്രസിഡന്റായി തിരഞ്ഞെടുത്തത്.

കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യുവിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്‌യുവിന്റെയും സംസ്ഥാന നേതാവായിരുന്നു. 1980 മുതല്‍ എഐസിസി, കെപിസിസി അംഗമാണ്. 1990ലാണ് ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗമായത്. 2016ല്‍ തൃക്കാക്കരയില്‍ നിന്ന് ജയിച്ച് നിയമസഭാ അംഗമായി.