നയന സൂര്യയുടെ മരണ സമയത്ത് റൂമിലുണ്ടായിരുന്ന ബെഡ്ഷീറ്റും തലയണയും കണ്ടെത്തി

0 438

തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ മരണസമയത്ത് റൂമിൽ ഉണ്ടായിരുന്ന ബെഡ്ഷീറ്റും തലയണയും കണ്ടെത്തി. മ്യൂസിയം പോലീസ് സ്റ്റേഷനിൽ നിന്നാണ് ഇവ ലഭിച്ചത്. അതേസമയം മരണസമയത്ത് നയന ധരിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടെത്താനായിട്ടില്ല. നയനാ സൂര്യയുടെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ കാണാതായത് വലിയ വിവാദമായിരുന്നു.

കേസന്വേഷണം അട്ടിമറിച്ചെന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ആരോപണങ്ങൾക്ക് ബലം പകരുന്നതായിരുന്നു തൊണ്ടിമുതലുകളുടെ അപ്രത്യക്ഷമാകൽ. കേസന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘത്തിന്റെ നിർദേശപ്രകാരമാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ പ്രത്യേക പരിശോധന നടത്തിയത്. തുടർന്ന് സ്റ്റേഷനിലെ അലമാരയിൽ നിന്നും തൊണ്ടിമുതലുകൾ കണ്ടെത്തുകയായിരുന്നു.

നയനയുടെ മുറിയിൽ ഉണ്ടായിരുന്ന ബെഡ്ഷീറ്റ്, തലയണ, വസ്ത്രങ്ങൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ മരണസമയത്ത് നയന ധരിച്ചിരുന്ന വസ്ത്രങ്ങൾ കണ്ടെത്താനായിട്ടില്ല. കണ്ടെടുത്ത തൊണ്ടിമുതലുകൾ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി. മരണം പുനഃരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നയനയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴികൾ രേഖപ്പെടുത്തുകയാണ്. ആദ്യഘട്ട കേസന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Get real time updates directly on you device, subscribe now.