ചരിത്രത്തിന്റെ അപനിര്‍മ്മിതിയാണ് ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളി- മുഖ്യമന്ത്രി

0 823

ചരിത്രത്തിന്റെ അപനിര്‍മ്മിതിയാണ് ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളി- മുഖ്യമന്ത്രി

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതകളെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് അവയ്ക്ക് പിന്നിലുള്ള ചരിത്രത്തിലൂടെയാണ്. എന്നാല്‍ അധികാരം കൈയാളുന്നവര്‍ തന്നെ ചരിത്രത്തിന്റെ അപനിര്‍മ്മിതിക്ക് കാരണമാവുന്നതാണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മടക്കിമല മദ്രസാ ഹാളില്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാര്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യന്‍ ഭരണഘടനയുടെ സത്ത ഇല്ലാതാക്കുന്നതും മത നിരപേക്ഷതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതുമായ പ്രവര്‍ത്തനങ്ങളാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. നിരവധി പോരാട്ടങ്ങളിലൂടെ നേടിയ സ്വാതന്ത്ര്യവും അതിന്റെ ഭാഗമായി നിര്‍മ്മിച്ച ഭരണഘടനയും അവ ഉറപ്പ് തരുന്ന ജനാധിപത്യവും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനായി യുവജനങ്ങള്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ വിവിധ ജനവിഭാഗങ്ങള്‍ മുന്നോട്ട് വരുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഗാന്ധിജിയുടെ കേരള സന്ദര്‍ശനത്തെ അന്വത്ഥമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എം.വി. ശ്രേയാംസ് കുമാര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഭരതന്‍, സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പച്ചപ്പ് പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വെബിനാര്‍ സംഘടിപ്പിച്ചത്. 1934ല്‍ മഹാത്മാഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ജില്ലയിലെത്തുകയും മടക്കിമലയിലെ ഹരിജന്‍ക്ഷേമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു.