ഒരു വനിതാ നേതാവിനോട് ഇങ്ങനെ ചെയ്യാന്‍ എങ്ങനെ ധൈര്യം വന്നു?;പ്രിയങ്ക ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്

0 614

ഒരു വനിതാ നേതാവിനോട് ഇങ്ങനെ ചെയ്യാന്‍ എങ്ങനെ ധൈര്യം വന്നു?;പ്രിയങ്ക ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്

 

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശിലെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്ത സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് ചിത്ര വാഘ്. ഒരു വനിതാ നേതാവിന്‍റെ വസ്ത്രത്തില്‍ കൈവെയ്ക്കാന്‍ യു.പി പൊലീസിന് എങ്ങനെ ധൈര്യം വന്നുവെന്നാണ് ചിത്രയുടെ ചോദ്യം. മഹാരാഷ്ട്രയിലെ ബിജെപി വൈസ് പ്രസിഡന്‍റാണ് ചിത്ര.

ഹാഥ്റസിലേക്കുള്ള യാത്രക്കിടെയാണ് യു.പി പൊലീസ് പ്രിയങ്കയെ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. പ്രിയങ്കയുടെ കുര്‍ത്തയില്‍ പിടിച്ച പൊലീസുകാരന്‍റെ ദൃശ്യം പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ചിത്ര ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.

പൊലീസുകാര്‍ അവരുടെ പരിധി മനസ്സിലാക്കി വേണം പ്രവര്‍ത്തിക്കാന്‍. ഒരു വനിതാ നേതാവിനോട് ഇങ്ങനെ ചെയ്യാന്‍ എങ്ങനെ ധൈര്യം വന്നു? ഇന്ത്യന്‍ സംസ്കാരത്തില്‍ വിശ്വസിക്കുന്ന യോഗി ആദിത്യനാഥ് ഇത്തരം പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് ചിത്ര ട്വീറ്റില്‍ ആവശ്യപ്പെട്ടത്. പൊലീസ് പ്രിയങ്കയെ കയ്യേറ്റംചെയ്യുന്ന ചിത്രം സഹിതമാണ് ട്വീറ്റ്.