ദുബായിൽ മരിച്ച പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്റെ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചു

0 901

ദുബായിൽ മരിച്ച പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്റെ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചു

കോഴിക്കോട്∙ ദുബായിൽ മരിച്ച പ്രവാസി വ്യവസായി ജോയി അറയ്ക്കലിന്റെ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചു. പുലർച്ചെ രണ്ടരയോടെ മൃതദേഹം വയനാട് മാനന്തവാടിയിലുള്ള വസതിയിലെത്തിക്കും. സംസ്കാരം വെള്ളിയാഴ്ച രാവിലെ 7ന് കണിയാരം മാനന്തവാടി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ.

ജോയി അറയ്ക്കൽ കെട്ടിടത്തിൽ നിന്നു വീണുമരിച്ചത് ഓഫിസ് മീറ്റിങ്ങിനു മുൻപ്
കർശന നിയന്ത്രണങ്ങളോടെ നടത്തുന്ന സംസ്കാരച്ചടങ്ങിൽ അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് പ്രവേശനം. ദുബായിലെ ജബൽഅലി വിമാനത്താവളത്തിൽ നിന്നു പ്രത്യേക ചാർട്ടേട് വിമാനത്തിലാണ് മൃതദേഹം കോഴിക്കോട് എത്തിച്ചത്.

23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14–ാം നിലയിൽ നിന്നു വീണാണു ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല ഖാദിം ബിൻ സുറൂറാണ് അറിയിച്ചത്. ഉച്ചയ്ക്ക് 12നു ജോയി തന്റെ ഓഫിസിൽ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുൻപായിരുന്നു മരണം.

മാനന്തവാടി സ്വദേശിയായ ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്. രണ്ടു ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. പുതിയ എണ്ണ ശുദ്ധീകരണ കമ്പനിയുടെ പൂർത്തീകരണത്തിലെ കാലതാമസം ജോയിക്കു മനോവിഷമം ഉണ്ടാക്കിയിരുന്നതായി കുടുംബ സുഹൃത്ത് വെളിപ്പെടുത്തി.