ലൈഫ് മിഷൻ സിഇഒ യു വി ജോസിനെ സിബിഐ നാളെ ചോദ്യം ചെയ്യും.

0 1,037

ലൈഫ് മിഷൻ സിഇഒ യു വി ജോസിനെ സിബിഐ നാളെ ചോദ്യം ചെയ്യും.

ലൈഫ് മിഷൻ സിഇഒ യു വി ജോസിനെ സിബിഐ നാളെ ചോദ്യം ചെയ്യും. കൊച്ചി സിബിഐ ഓഫീസിലാണ് ചോദ്യം ചെയ്യൽ. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആറ് പ്രധാന രേഖകളുമായി ഹാജരാകണമെന്നാണ് നിർദേശം.

രാവിലെ 10 മണിക്ക് കൊച്ചി കടവന്ത്രയിലെ സിബിഐ ഓഫീസിലെത്തണമെന്നാണ് യു വി ജോസിനുള്ള നിർദേശം. ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ റെഡ് ക്രെസന്റുമായി സംസ്ഥാന സർക്കാരിന് വേണ്ടി കരാറിൽ ഒപ്പിട്ടത് യു വി ജോസായിരുന്നു. കരാറുമായി ബന്ധപ്പെട്ട രേഖകൾ പലതും കൃത്യമല്ലെന്ന ആക്ഷേപം, നാല് കോടിയിലേറെ രൂപയുടെ കമ്മീഷൻ ആരോപണം എന്നിവയിൽ യു വി ജോസിനോട് ചോദ്യങ്ങളുണ്ടാകും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട 6 പ്രധാന രേഖകൾ ഹാജരാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെൽത്ത് സെന്ററും സംബന്ധിച്ച മുഴുവൻ വിവരങ്ങൾ, ലൈഫ് മിഷൻ പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ, വടക്കാഞ്ചേരി നഗരസഭ, കെ.എസ്.ഇ.ബി എന്നിവ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകൾ, ലൈഫ് മിഷൻ ജില്ലാ കോഡിനേറ്ററും ലൈഫ് മിഷൻ പദ്ധതിയുമായുള്ള ബന്ധം കാണിക്കുന്ന രേഖകൾ, യൂണിടാക്കും സെയ്ൻ വെഞ്ചേഴ്‌സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകൾ സംബന്ധിച്ച രേഖകൾ തുടങ്ങിയവയാണ് ഹാജരാക്കാൻ നിർദേശം നൽകിയത്. കേസിൽ യൂണിടാക്ക് എം.ഡി, ജി സന്തോഷ് ഈപ്പൻ, ഭാര്യ, വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി, തൃശൂർ ജില്ലാ കോഡിനേറ്റർ തുടങ്ങിയവരെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.