കേന്ദ്രത്തിന്റേത് സാധാരണ മറുപടി മാത്രം; പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് ധനമന്ത്രി

0 740

കേന്ദ്രത്തിന്റേത് സാധാരണ മറുപടി മാത്രം; പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് ധനമന്ത്രി

കെ-റെയില്‍ പദ്ധതി സംബന്ധിച്ച് കേന്ദ്രത്തിന്റെ മറുപടി സാധാരണം മാത്രമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 2019ലും 2021ലുമായി കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ച കത്തുകള്‍ പ്രകാരമാണ് പദ്ധതിയുമായി മുന്നോട്ടുപോയതെന്നും പ്രതിപക്ഷനേതാവടക്കം കാര്യങ്ങള്‍ മനസിലാക്കാതെയാണ് അനുമതി നിഷേധിച്ചുവെന്ന തരത്തില്‍ പ്രതികരിക്കുന്നത് എന്നും ധനമന്ത്രി വിമര്‍ശിച്ചു.( kn balagopal)

‘കേരള സര്‍ക്കാര്‍ കെ റെയില്‍ സംബന്ധിച്ച് എന്തെങ്കിലും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ, പാരിസ്ഥിതിക സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ എന്നൊക്കെയാണ് പാര്‍ല മെന്റില്‍ ഉയര്‍ന്ന ചോദ്യം. അതിനുത്തരം കെ റെയിലിന് കേരളം അപേക്ഷ സമര്‍പ്പിച്ചതാണ്. പക്ഷേ റെയില്‍വേ പ്രൊജക്ടുകള്‍ക്ക് പാരിസ്ഥിതിക ആഘാതപഠനം വേണ്ടെന്നാണ് നിയമം. വിദേശത്ത് നിന്നടക്കം വായ്പ എടുക്കേണ്ടിവരുന്നത് സംബന്ധിച്ചുകൂടി പ്രൊപോസൽ വയ്ക്കുകയും ചെയ്തിട്ടുണ്ട്.

2021 ജനുവരിയില്‍ കേന്ദ്രധനകാര്യമന്ത്രി മുഖ്യമന്ത്രിക്കയച്ച കത്തില്‍ കെ റെയിലിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് വ്യക്തമാക്കിയതാണ്. 2019 ഡിസംബറില്‍ ഇന്‍ പ്രിന്‍സിപ്പല്‍ അപ്രൂവല്‍ റെയില്‍വേ മന്ത്രാലയത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ടിപിആറിനകത്ത് ചില മാറ്റങ്ങള്‍ വേണമെന്ന നിര്‍ദേശമല്ലാതെ മറ്റൊന്നും ഇതുവരെയുണ്ടായിട്ടില്ല. കേന്ദ്രത്തില്‍ നിന്ന് ഇപ്പോള്‍ വന്നിരിക്കുന്നത് സാധാരണ മറുപടി മാത്രമാണ്. ബിജെപി സംസ്ഥാന നേതാക്കള്‍ ഇത് കേട്ട പാടെ കാര്യം മനസിലാക്കാതെയാണ് പ്രതികരണം നടത്തുന്നത്. അതിനൊപ്പം പ്രതിപക്ഷ നേതാവും’. ധനമന്ത്രി വിമര്‍ശിച്ചു.

കേരളം സമര്‍പ്പിച്ച ഡിപിആര്‍ അപൂര്‍ണമാണെന്നത് അടക്കമുള്ള കാരണങ്ങളാണ് കേന്ദ്രം ചൂണ്ടിക്കാണിച്ചത്. പദ്ധതി സാമ്പത്തികമായും സാങ്കേതികമായും പ്രായോഗികമാണോയെന്ന് ഡി പി ആറില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.