ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന മുഖ്യമന്ത്രിയുടെ മോഹം നടപ്പാകില്ല: കെ.സുരേന്ദ്രൻ

0 377

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന മുഖ്യമന്ത്രിയുടെയും സിപിഐഎമ്മിന്റെയും മോഹം നടപ്പാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണറെ രാഷ്ട്രീയമായി നേരിടുമെന്നാണ് സിപിഐഎമ്മിന്റെ ഭീഷണി. അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന ഗവർണറെ സംരക്ഷിക്കാൻ കേരളത്തിലെ ജനങ്ങൾ രംഗത്തു വരുമെന്നും കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു ( Chief Minister threatens the Governor: k surendran ).

ഗവർണർ ആക്രമിക്കപ്പെട്ടിട്ട് ഒരു കേസ് പോലുമെടുക്കാത്ത സർക്കാരും പൊലീസുമാണ് കേരളത്തിലുള്ളത്. ഗവർണർ പരാതി കൊടുത്തോ എന്ന ബാലിശമായ ചോദ്യമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി ഉന്നയിക്കുന്നത്. സാമാന്യ മര്യാദയ്ക്ക് ഒരന്വേഷണമെങ്കിലും നടത്തി നടപടി സ്വീകരിക്കേണ്ടതല്ലേ. സംസ്ഥാനത്തെ പ്രഥമ പൗരനായ ഗവർണർക്ക് നീതി ലഭിക്കാത്ത നാട്ടിൽ ഏതു സാധാരണക്കാരന് നീതി ലഭിക്കുമെന്നും സുരേന്ദ്രൻ ചോദിച്ചു.

തന്നെ ആക്രമിച്ചവർക്കെതിരെ കേസെടുക്കേണ്ടതില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദ്ദേശം നൽകിയതെന്ന ഗുരുതര ആരോപണമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ചത്. ഇക്കാര്യത്തിൽ മറുപടി പറയാൻ പിണറായി തയ്യാറാകണം. കേരളത്തിലെ പൊലീസ് ശരിയായി കേസ് അന്വേഷിച്ച് നടപടിയെടുത്താൽ അതിനെതിരെ പരസ്യമായി സിപിഐഎം രംഗത്തു വരികയാണ്.

കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച ഡിവൈഎഫ്ഐക്കാരെ സംരക്ഷിക്കാൻ കോഴിക്കോട് പൊലീസ് കമീഷണർക്കെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി പരസ്യമായി രംഗത്തു വന്നു. കുറ്റവാളികളെ അറസ്റ്റ് ചെയ്താൽ പൊലീസിനെതിരെ ഇവർ വാളെടുക്കും. പ്രതികൾ സിപിഐഎമ്മാണെങ്കിൽ പൊലീസിന് ഒരു നടപടിയും സ്വീകരിക്കാനാകില്ല.

ഗവർണർ ഉന്നയിച്ച ഒരു ചോദ്യത്തിനും മുഖമന്ത്രി വ്യക്തമായ ഉത്തരം നൽകിയിട്ടില്ലന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ഉത്തരം നൽകാതെ ഭീഷണിപ്പെടുത്തുകയാണ്. സർക്കാരിന്റെ അധിപനായ ഗവർണർ ഫോൺ ചെയ്താൽ എടുക്കാത്ത മുഖ്യമന്ത്രി കേരളത്തിൽ മാത്രമാണുള്ളത്. അഴിമതിക്കും സർവകലാശാലകളിലെ അനധികൃത നിയമനങ്ങൾക്കും വഴിവിട്ട നിയമനങ്ങൾക്കും എതിരെയാണ് ഗവർണർ ശബ്ദമുയർത്തിയത്. നിയമവാഴ്ച സംരക്ഷിക്കുകയാണദ്ദേഹത്തിന്റെ ലക്ഷ്യം. അതിനെതിരായി രാജ്ഭവനെ പാർട്ടിയുടെ കയ്യൂക്ക് കാട്ടി ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് വ്യാമോഹമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

Get real time updates directly on you device, subscribe now.