ബിജെപിയെ എതിരിടുന്നതിൽ കോൺഗ്രസിന്റെ ഏഴയലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി എത്തില്ല: കുഞ്ഞാലിക്കുട്ടി

0 264

മലപ്പുറം: ബിജെപിയുടെ ഫാസിസത്തെ എതിരിടുന്നതിൽ കോൺഗ്രസിന്റെ ഏഴയലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി എത്തില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിന് പകരം ബിജെപിയെ നേരിടാൻ മറ്റൊരു പാർട്ടിയില്ല. മമതാ ബാനർജി ബിജെപിക്കെതിരെ വലിയ വിമർശനമുന്നയിച്ചു. ചില ആരോപണങ്ങൾ വന്നപ്പോൾ അവർ നിശബ്ദയായി. എന്നാൽ എത്രയോ മണിക്കൂറുകൾ ചോദ്യം ചെയ്തിട്ടും രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ബിജെപിക്കെതിരെ ഒരു ഒത്തുതീർപ്പിനും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം മുണ്ടിത്തൊടികയിൽ മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കെ.എം ഷാജിയാണ് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയത്. ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് നേതാക്കൾ ഒരേ വേദിയിലെത്തിയത്.

മുണ്ടത്തൊടികയിലെ പരിപാടി വിജയിപ്പിച്ചത് മാധ്യമങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാധാരണ ലീഗ് പരിപാടികളെല്ലാം വിജയിക്കാറുണ്ട്. മുണ്ടിത്തൊടികയിലെ പരിപാടി മാധ്യമങ്ങൾ കൂടുതൽ വിജയിപ്പിച്ചു. ഞങ്ങളെല്ലാം സംസാരിക്കുന്നത് ഒരേ കാര്യമാണ്, മുസ്‌ലിം ലീഗ് രാഷ്ട്രീയം. വാക്കുകളിൽനിന്ന് എന്തെങ്കിലും കിട്ടാൻ മിനക്കെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി ആർഎസ്എസിന്റെ കാക്കി ട്രൗസറിന് തീപിടിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ യഥാർഥത്തിൽ തീപിടിച്ചത് സിപിഎമ്മിന്റെ ചുവന്ന ട്രൗസറിനാണെന്ന് കെ.എം ഷാജി പറഞ്ഞു. രാഹുലിനെ യാത്ര തമിഴ്‌നാട്ടിലെത്തിയപ്പോൾ സ്വീകരിച്ചത് ഏറ്റവും ദക്ഷിണേന്ത്യയിലെ ആർഎസ്എസ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന സ്റ്റാലിനാണ് എന്നാൽ പിണറായി കർണാടകയിലെത്തിയപ്പോൾ സ്വീകരിച്ചത് ബിജെപിയുടെ മുഖ്യമന്ത്രിയാണെന്നും ഷാജി പറഞ്ഞു

Get real time updates directly on you device, subscribe now.