കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള വ്യവസ്ഥകൾ ലളിതമാക്കി.

0 1,813

കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള വ്യവസ്ഥകൾ ലളിതമാക്കി.

ലൈസൻസുള്ള തോക്കുള്ളയാൾക്ക് കാട്ടുപന്നിയെ വെടിവെക്കാമെന്നാണ് പുതിയ ഉത്തരവ്. ജനജാഗ്രതാ സമിതിയുടെ ശുപാർശപ്രകാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ വൈൽഡ് ലൈഫ് വാർഡനോ ഇതിന് രേഖാമൂലം അനുമതി നൽകണം. ആയിരം രൂപ പ്രതിഫലവും ഏർപ്പെടുത്തി.

വനംവകുപ്പ്, പോലീസ്, മറ്റ് യൂണിഫോം സേനകളിലെ ഉദ്യോഗസ്ഥർക്കുമാത്രമേ നിലവിൽ അനുമതിയുള്ളൂ. നിലവിലെ വ്യവസ്ഥകൾപ്രകാരം കാട്ടുപന്നികളെ നശിപ്പിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നൽകിയ കത്തിനെത്തുടർന്നാണ് പുതിയ ഉത്തരവ്.

യൂണിഫോം സർവീസിലെ ഉദ്യോഗസ്ഥർ, തോക്ക് ഉപയോഗിക്കാൻ ലൈസൻസ് ഉള്ള വ്യക്തികൾ എന്നിവരെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം. പാനൽഡ് ചെയ്യാവുന്നതാണ്. കാട്ടിനുള്ളിൽെവച്ച് പന്നിയെ വെടിവെക്കാൻ പാടില്ല. മുലയൂട്ടുന്ന കാട്ടുപന്നിയെ വെടിവെക്കുന്നത് കഴിവതും ഒഴിവാക്കണമെന്നാണ് പുതിയ നിർദേശം. മുലയൂട്ടുന്ന മൃഗത്തെയോ കാട്ടിലേക്ക് മടങ്ങിപ്പോകുന്ന മൃഗത്തെയോ വെടിവെക്കാൻ പാടില്ലെന്നായിരുന്നു നിലവിലെ വ്യവസ്ഥ.

കൃത്യം നിർവഹിക്കുമ്പോൾ ഉദ്യോഗസ്ഥരോടൊപ്പം പ്രദേശത്തെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റോ അംഗമോ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി.

കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ ഒരുതവണയെങ്കിലും മനുഷ്യനുനേരേ വന്യജീവി ആക്രമണമുണ്ടായിരിക്കണം, അല്ലെങ്കിൽ മൂന്നുവർഷത്തിനിടെ കൃഷിനാശത്തിന് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപയെങ്കിലും നൽകിയിട്ടുള്ള പഞ്ചായത്തായിരിക്കണം എന്നീ നിബന്ധനകളും ഇനിയില്ല. കൃത്യം നടപ്പിലാക്കിയാലുടൻതന്നെ വെടിവെക്കുന്നയാൾ ബന്ധപ്പെട്ട റേഞ്ച് ഫോറസ്റ്റ് ഓഫീസറെ വിവരം ധരിപ്പിക്കേണ്ടതാണ്. 24 മണിക്കൂറിനകം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഇതുസംബന്ധിച്ച് നിശ്ചിത മാതൃകയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് നൽകണം. ആറുമാസത്തേക്കാണ് പുതിയ ഉത്തരവിന്റെ പ്രാബല്യം.