രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് താഴേക്ക്; ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷന്റെ കണക്ക്

0 349

ദില്ലി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് താഴേക്ക് പോയതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്ക്. മുൻ വർഷത്തെ അപേക്ഷിച്ച് ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ നഗരങ്ങളിലെ 15 വയസിന് മുകളിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് ഇക്കുറി 7.2 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് 9.8 ശതമാനമായിരുന്നു.

കൊവിഡ് അനുബന്ധ നിയന്ത്രണങ്ങളെ തുടർന്നാണ് കഴിഞ്ഞ വർഷം തൊഴിലില്ലായ്മ നിരക്ക് വലിയ തോതിൽ ഉയർന്ന് നിന്നതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. 16ാമത് പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാമത്തെ സാമ്പത്തിക പാദത്തിൽ ഇന്ത്യൻ നഗരങ്ങളിലെ 15 വയസിന് മേലെ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 9.4 ശതമാനമായിരുന്നു.

ജൂലൈ – സെപ്തംബർ മാസങ്ങളിൽ രാജ്യത്തെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് മുൻ വർഷത്തെ 11.6 ശതമാനത്തിൽ നിന്ന് 9.4 ശതമാനമായി താഴ്ന്നു. ഏപ്രിൽ -ജൂൺ പാദത്തിൽ ഇത് 9.5 ശതമാനമായിരുന്നു. പുരുഷന്മാരിൽ തൊഴിലില്ലായ്മ നിരക്ക് ജൂലൈ – സെപ്തംബർ പാദത്തിൽ 6.6 ശതമാനമായി. കഴിഞ്ഞ വർഷം ഇതേ സമയത്ത് 9.3 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഏപ്രിൽ – ജൂൺ പാദത്തിൽ 7.1 ശതമാനവുമായിരുന്നു ഇത്.

Get real time updates directly on you device, subscribe now.