അമ്മയുടെ മൃതദേഹം മറവുചെയ്യാതെ മകൾ വീട്ടിൽ സൂക്ഷിച്ചത് മൂന്ന് ദിവസത്തോളം

0 1,449

അമ്മയുടെ മൃതദേഹം മറവുചെയ്യാതെ മകൾ വീട്ടിൽ സൂക്ഷിച്ചത് മൂന്ന് ദിവസത്തോളം

പാലക്കാട് ചളവറയിൽ അമ്മയുടെ മൃതദേഹം മറവുചെയ്യാതെ മകൾ മൂന്ന് ദിവസത്തോളം വീട്ടിൽ സൂക്ഷിച്ചു. മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കുമെന്ന് കരുതി മൃതദേഹത്തിനരികിൽ പ്രാർഥന നടത്തുകയായിരുന്നുp മകൾ.ചളവറ രാജ്ഭവനിലെ ഓമനയുടെ (72) മൃതദേഹത്തിനരികിലാണ് മകൾ ഡോ. കവിത മൂന്നുദിവസം പ്രാർഥനയുമായി കഴിഞ്ഞത്. ജലസേചനവകുപ്പുദ്യോഗസ്ഥൻ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ഓമന ചളവറ എ.യു.പി. സ്കൂൾ റിട്ട. അധ്യാപികയാണ്.

ഞായറാഴ്ച പുലർച്ചെയാണ് ഓമന മരിച്ചത്. എന്നാൽ, അമ്മയുടെ മരണം ഉൾക്കൊള്ളാനായില്ലെന്നും പ്രാർഥന നടത്തിയാൽ അമ്മ ഉയിർത്തെഴുന്നേൽക്കുമെന്ന വിശ്വാസത്തിലായിരുന്നു താനെന്നും കവിത പോലീസിന് മൊഴിനൽകി. പ്രാർഥനയ്ക്ക് ഫലം കാണാതിരുന്നപ്പോൾ അമ്മ മരിച്ചെന്നും മൃതദേഹം സംസ്കരിക്കണമെന്നും കവിത അയൽവാസിയെ അറിയിക്കുകയായിരുന്നു.

ആരോഗ്യവകുപ്പുദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നും ദുർഗന്ധം വമിക്കുന്നുണ്ടെന്നും വ്യക്തമായത്. കോവിഡ് സെല്ലിന്റെ സഹായത്തോടെ ചൊവ്വാഴ്ച മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച കോവിഡ് പരിശോധനയും പോസ്റ്റ്മോർട്ടവും നടത്തും.

ഓർമക്കുറവുണ്ടായിരുന്ന ഓമനയുടെ വലതുപാദം പ്രമേഹത്തെത്തുടർന്ന് മുറിച്ചുമാറ്റിയിരുന്നു. ചളവറ ഹയർസെക്കൻഡറി സ്കൂളിനുസമീപത്തെ വീട്ടിലാണ് വർഷങ്ങളായി അമ്മയും മകളും താമസിക്കുന്നത്. വർഷങ്ങൾക്കുമുമ്പ് കവിത ഹോമിയോ ക്ലിനിക് നടത്തിയിരുന്നു. വിരമിച്ചശേഷം ഓമനയും മകൾ കവിതയും തനിച്ചായിരുന്നു താമസം. ആരുമായും ഇരുവരും അടുത്തിടപഴകാറില്ലെന്ന് പരിസരവാസികൾ പറഞ്ഞു.