ആദായ നികുതി, ചരക്ക്, സേവന നികുതി (ജിഎസ്‌ടി), കമ്പനി നിയമം എന്നിവയനുസരിച്ചു സമർപ്പിക്കേണ്ട വിവിധ റിട്ടേണുകളുടെ അവസാന തീയതികൾ നീട്ടി.

0 270

ആദായ നികുതി, ചരക്ക്, സേവന നികുതി (ജിഎസ്‌ടി), കമ്പനി നിയമം എന്നിവയനുസരിച്ചു സമർപ്പിക്കേണ്ട വിവിധ റിട്ടേണുകളുടെ അവസാന തീയതികൾ നീട്ടി.

ആദായ നികുതി, ചരക്ക്, സേവന നികുതി (ജിഎസ്‌ടി), കമ്പനി നിയമം എന്നിവയനുസരിച്ചു സമർപ്പിക്കേണ്ട വിവിധ റിട്ടേണുകളുടെ അവസാന തീയതികൾ നീട്ടി. കോവിഡ് കാലത്തെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണിത്. 1 മുതൽ 3 മാസം വരെയാണു ദീർഘിപ്പിച്ചത്. റിട്ടേണുകൾ വൈകിയാലുള്ള ഫീസും പിഴയും കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്.

2018-19 ലെ ജിഎസ്ടി റിട്ടേണുകൾ 31 വരെ

സാമ്പത്തിക വർഷം 2018-19 ലെ ചരക്ക്, സേവന നികുതി വാർഷിക റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30ൽ നിന്ന് ഈ മാസം 31ലേക്കു നീട്ടി. കോംപസിഷൻ നികുതിദായകർ വാർഷിക റിട്ടേൺ ഫോം ജിഎസ്ടിആർ-9എയിലും മറ്റുള്ളവർ ഫോം ജിഎസ്ടിആർ-9ലുമാണ് സമർപ്പിക്കേണ്ടത്. കോംപസിഷൻ നികുതിദായകരും വിറ്റുവരവ് രണ്ടു കോടി രൂപയിൽ താഴെയുള്ളവരും സാമ്പത്തിക വർഷം 2017-18ഉം 2018-19ഉം വാർഷിക റിട്ടേൺ സമർപ്പിക്കണമെന്നില്ല. എന്നിരുന്നാലും പ്രതിമാസ റിട്ടേണിലെ വിവരങ്ങൾ സ്വമേധയാ വാർഷിക റിട്ടേണിലേക്കു വരുന്നതായി കണക്കാക്കുന്നതുകൊണ്ട് എന്തെങ്കിലും തെറ്റു തിരുത്താനുള്ളവർ വാർഷിക റിട്ടേൺ സമർപ്പിക്കുന്നതാണ് ഉചിതം.

വിറ്റുവരവ് 5 കോടിക്കു മേൽ ഓഡിറ്റ്

സാമ്പത്തിക വർഷം 2018-19 ൽ ആകെ വിറ്റുവരവ് 5 കോടി രൂപയോ അതിൽ കൂടുതലോ ഉള്ള നികുതിദായകർ ചരക്ക്, സേവന നികുതി നിയമത്തിനു കീഴിൽ ഓഡിറ്റിന് വിധേയരാകേണ്ടതുണ്ട്. ഫോം ജിഎസ്ടിആർ-9സിയിലുള്ള ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതിയും 31ലേക്ക് നീട്ടിയിട്ടുണ്ട്.

ഇതു കൂടാതെ കോംപസിഷൻ നികുതിദായകർ എല്ലാ പാദത്തിലും സമർപ്പിക്കേണ്ട ജിഎസ്ടിആർ4 ഇതുവരെ സമർപ്പിക്കാത്തവർ സെപ്റ്റംബർ 22 നും ഈ മാസം 31നും ഇടയ്ക്കു സമർപ്പിക്കുകയാണെങ്കിൽ ലേറ്റ് ഫീ പരമാവധി 500 രൂപ. നികുതി ബാധ്യതയില്ലാത്തവർക്ക് ലേറ്റ് ഫീ ഒഴിവാക്കിയിട്ടുണ്ട്. ജിഎസ്ടി റജിസ്ട്രേഷൻ റദ്ദാക്കിയവർ സമർപ്പിക്കേണ്ട ജിഎസ്ടിആർ 10 സമർപ്പിക്കാത്തവർ അത് സെപ്റ്റംബർ 22നും ഡിസംബർ 31നും ഇടയിൽ സമർപ്പിക്കുകയാണെങ്കിൽ ലേറ്റ് ഫീ പരമാവധി 250 രൂപ വീതമായി പരിമിതപ്പെടുത്തി.

പലിശ നികുതി അടയ്ക്കാനുള്ള തുകയിൽ മാത്രം

ജിഎസ്ടി വൈകി അടച്ച് റിട്ടേൺ സമർപ്പിക്കുമ്പോൾ പലിശ കണക്കാക്കേണ്ട തുകയുടെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഇത് പരിഹരിച്ച് കേന്ദ്ര പരോക്ഷ നികുതി ബോർഡ് 2020 ഓഗസ്റ്റ് 25ന് 63/2020 എന്ന നമ്പറിൽ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം മൊത്തം നികുതി ബാധ്യതയിൽനിന്ന് ഇൻപുട്ട് നികുതി തട്ടിക്കിഴിച്ച ശേഷമുള്ള തുകയിൽ കണക്കാക്കിയാൽ മതിയെന്ന് നിർദേശിച്ചിട്ടുണ്ട്. ഇത് 2020 സെപ്റ്റംബർ 1 മുതലാണ് പ്രാബല്യത്തിൽ വരുത്തിയതെങ്കിലും മുൻകാല പലിശയ്ക്കും ഈ മാനദണ്ഡം സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഓഡിറ്റ് റിപ്പോർട്ട് 31ലേക്കു നീട്ടി

വാർഷികവിറ്റുവരവ് ഒരു കോടിക്കും 5 കോടിക്കും ഇടയിൽ ഉള്ളവർ അതിലെ പണമായി നടത്തിയ ഇടപാടിന്റെ തോത് 5 ശതമാനത്തിൽ കൂടുതലാണെങ്കിൽ കണക്കുകൾ നിർബന്ധമായും ഓഡിറ്റ് ചെയ്തു വേണം റിട്ടേൺ കൊടുക്കാൻ. എന്നാൽ അത് 5 ശതമാനത്തിൽ താഴെയാണെങ്കിൽ ഓഡിറ്റ് ആവശ്യമില്ല. എന്നാൽ വിറ്റുവരവ് 5 കോടി രൂപയ്ക്കു മേൽ ആണെങ്കിൽ മാനദണ്ഡമൊന്നും കണക്കാക്കാതെ കണക്ക് ഓഡിറ്റ് ചെയ്തുവേണം റിട്ടേൺ സമർപ്പിക്കാൻ.

ആദായ നികുതി നിയമഭേദഗതിയെത്തുടർന്ന് 2019-20 സാമ്പത്തിക വർഷം മുതൽ വകുപ്പ് 44 എബി പ്രകാരമുള്ള ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതി, ആദായ നികുതി റിട്ടേൺ നൽകേണ്ട അവസാന തീയതിക്ക് ഒരു മാസം മുൻപുള്ള തീയതി ആയി പുനർനിശ്ചയിച്ചു. സാധാരണ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആയിരുന്നത് ഒക്ടോബർ 31 ആയും, നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 ആയും നീട്ടി. 2019-20 സാമ്പത്തിക വർഷത്തേക്കു മാത്രമാണ് ഈ ആനുകൂല്യം.

2018–19ലെ ആദായ നികുതി റിട്ടേൺ നീട്ടി

2018-19 സാമ്പത്തിക വർഷത്തെ റിട്ടേൺ സ്വമേധയാ സമർപ്പിക്കാനുള്ള അവസാന തീയതി 2020 മാർച്ച് 31 ആയിരുന്നു. കോവിഡ് മൂലം ഇത് സെപ്റ്റംബർ 30 ആയി നീട്ടിയിരുന്നു. എന്നാലിത് നവംബർ 30ലേക്ക് വീണ്ടും നീട്ടി. ഇതിനു ശേഷം, നികുതി വകുപ്പ് ആവശ്യപ്പെടാതെ റിട്ടേൺ കൊടുക്കാനാവില്ല. അപ്പോൾ പിഴത്തുകയ്ക്കും അടയ്ക്കേണ്ട നികുതിക്കുമേൽ പലിശയ്ക്കും പുറമേ നികുതി വെട്ടിപ്പിനായി ശ്രമിച്ചെന്ന് തെളിഞ്ഞാൽ പ്രോസിക്യൂഷനും നേരിടും.