കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളടക്കം മുഴുവന്‍ ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍.

0 317

കണ്ണൂര്‍:കോഴിക്കോട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍ ജില്ലയിലെ പ്രദേശങ്ങളില്‍ പൊതുപരിപാടികളും കോഴിക്കോട്ടെ കണ്ടെയ്ന്‍മെൻറ്‌ സോണിലേക്കും പുറത്തേക്കുമുള്ള യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ സമിതി യോഗം പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കോഴിക്കോടുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ അത്യാവശ്യ സന്ദര്‍ഭങ്ങള്‍ ഒഴികെ രോഗികളെ ആശുപത്രിയില്‍ പോയി സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. കോഴിക്കോട്ടെ കണ്ടെയ്ന്‍മെൻറ്‌ സോണില്‍ നിന്നും വരുന്ന കുട്ടികളുടെ ക്ലാസ് വിദ്യാഭ്യാസ സ്ഥാപന അധികൃതര്‍ ഓണ്‍ലൈന്‍ ആയി നടത്തുക. കോഴിക്കോടുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏതെങ്കിലും തരത്തില്‍ അസുഖ ബാധിതരായ കുട്ടികള്‍ പോകുന്നത് ഒഴിവാക്കുക. വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക.

കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലടക്കം മുഴുവന്‍ ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം. കൈകള്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക. ജില്ലയില്‍ പനിയോ ജലദോഷമോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷനായി. വിവിധ ജനപ്രതിനിധികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.