വിദ്യാഭ്യാസ തട്ടിപ്പ് കേസില്‍ ഇ.ഡി കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നു; ആര്യാടന്‍ ഷൌക്കത്തിനെ വീണ്ടും വിളിച്ചുവരുത്തിയേക്കും
വിദ്യാഭ്യാസ തട്ടിപ്പ് കേസില്‍ ഇ.ഡി കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നു; ആര്യാടന്‍ ഷൌക്കത്തിനെ വീണ്ടും വിളിച്ചുവരുത്തിയേക്കും
നിലമ്പൂര്‍ കേന്ദ്രീകരിച്ച് നടന്ന വിദ്യാഭ്യാസ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നു. നിലമ്പൂരിലെ വ്യവസായി മൂര്‍ക്കന്‍ മന്‍സൂറിനെ കോഴിക്കോട് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്. സിപിഎം നിലമ്പൂര്‍ ഏരിയ സെക്രട്ടറി പദ്മാക്ഷനെയും ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൌക്കത്തിനെ വീണ്ടും ഇ.ഡി വിളിച്ചുവരുത്തിയേക്കും.
മേരിമാത ഹയര്‍ എഡ്യൂക്കേഷന്‍ ഗൈഡന്‍സ് ട്രസ്റ്റിന്‍റെ പേരില്‍ സിബി വയലില്‍ നടത്തിയ വിദ്യാഭ്യാസ തട്ടിപ്പില്‍ നിലമ്പൂരിലെ രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേര്‍ക്ക് ബന്ധമുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് ലഭിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൌക്കത്തിനെ ചോദ്യം ചെയ്തത്. നിലമ്പൂരിലെ വ്യവസായി മൂര്‍ക്കന്‍ മന്‍സൂറിനെ രാവിലെ മുതല്‍ ചോദ്യം ചെയ്തു തുടങ്ങി. വിദ്യാഭ്യാസ തട്ടിപ്പില്‍ സിബിയുടെ ഏജന്റിനെ പോലെ മന്‍സൂര്‍ പ്രവര്‍ത്തിച്ചെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി മന്‍സൂറിലേക്കെത്തിയത്. സിപിഎം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി പദ്മാക്ഷനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. വൈകിട്ട് മൂന്ന് മണിയോടെ പദ്മാക്ഷന്‍ കോഴിക്കോട്ടെ ഇ.ഡി ഓഫീസിലെത്തും.
പദ്മാക്ഷന്‍ കണ്‍വീനറായി നടന്ന നിലമ്പൂരിലെ പാട്ടുത്സവത്തിലെ പരിപാടികളും സിബി സ്പോണ്‍സര്‍ ചെയ്തിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ആരായുകയാകും ഇ.ഡി ചെയ്യുക. രാഷ്ട്രീയ നേതൃത്വത്തിന്‍റെ പങ്കാളിത്തവും എഫ്സിഐ ബോര്‍ഡ് പതിച്ച വാഹനത്തില്‍ സിബി യാത്ര ചെയ്തതും പൊലീസ് അന്വേഷണത്തിന്റ പരിധിയില്‍ വരാത്ത സാഹചര്യത്തിലാണ് ഡിജിപി തന്നെ പരാതി എന്ഫോഴ്സ്മെന്‍റിന് കൈമാറിയത്.
ആര്യാടന്‍ ഷൌക്കത്തിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് സൂചനയുണ്ട്. കൂടുതല്‍ പ്രാദേശിക, രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം വ്യാപിക്കുമെന്നാണ് സൂചന.