ബ്രഹ്മപുരത്തെ തീ കെട്ടു.. എന്നിട്ടും കെടാതെ സർക്കാരിനെതിരായ ട്രോളുകൾ…

0 752

ന്ത്രണ്ട് ദിവസത്തോളം നിന്ന് കത്തിയതിനൊടുവില്‍ അഗ്നിശമന സേനയുടെ നിരന്തര ശ്രമഫലമായി ബ്രഹ്മപുരത്തെ മാലിന്യത്തില്‍ പടര്‍ന്ന തീ കെടുത്തി.  പിന്നാലെ വിഷയത്തില്‍ അതുവരെയായും അഭിപ്രായമൊന്നും പറയാതിരുന്ന മുഖ്യമന്ത്രി  രംഗത്തെത്തി. മാലിന്യ സംസ്‌കരണത്തിന് അന്താരാഷ്ട്ര തലത്തിലുള്ള വൈദഗ്ധ്യം ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ലോക ബാങ്ക് ഇതിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അപ്പോഴേക്കും കൊച്ചിയുടെ അന്തരീക്ഷത്തില്‍ മാരകമായ ഡയോക്‌സിന്‍റെ അളവ് കൂടിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്ന് കഴിഞ്ഞിരുന്നു. ഇതോടെ ഭരണ പ്രതിപക്ഷ നേതാക്കളെയും സര്‍ക്കാറിനെയും വിമര്‍ശിച്ച് ട്രോളന്മാരും രംഗത്തെത്തിയിരുന്നു.

ഇനിയൊരു ബ്രഹ്‌മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ മാലിന്യ സംസ്‌കരണമെന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കേണ്ടതുണ്ട്. അതിനായി കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും അണിനിരക്കുന്ന ഒരു ജനകീയ യത്നം ആരംഭിക്കണം. ബ്രഹ്‌മപുരം സൃഷ്ടിച്ച പ്രതിസന്ധിയെ ശുചിത്വ കേരളമെന്ന ലക്ഷ്യം നേടുന്നതിനുള്ള അവസരമാക്കി മാറ്റാമെന്നും മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.

ബ്രഹ്മപുരം തീപിടുത്തം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാലിന്യത്തിന്‍റെ ആറ് മീറ്ററോളം താഴ്ചയിൽ തീപിടിച്ചത് പ്രതിസന്ധിയുണ്ടാക്കി. വിദ​ഗ്ധ അഭിപ്രായം സ്വീകരിച്ചാണ് മുന്നോട്ട് പോയത്. കൃത്രിമ മഴ അടക്കമുള്ള സാധ്യതകൾ തേടിയെന്നും എന്നാൽ പ്രായോ​ഗികമല്ലാത്തതിനാൽ സാധാരണ രീതി അവലംബിക്കുകയായിരുന്നുവെന്നും അദ്ദേഹം സഭയെ അറിയിച്ചു.

ബ്രഹ്‌മപുരത്ത് തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പൊലീസിന്‍റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കും. പ്ലാന്‍റിന്‍റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

ബ്രഹ്‌മപുരത്ത് തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ, ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ സംബന്ധിച്ചും, മാലിന്യസംസ്‌കരണ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനും ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാനും കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പക്ഷേ , 2019 ല്‍ താന്‍ കാര്യങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കിയ ബോണിലെ യന്ത്രവത്കൃത മാലിന്യ ശേഖരണ പുനചംക്രമണ സംവിധാനത്തെ കുറിച്ച് മാത്രം അദ്ദേഹം ഒന്നും പറഞ്ഞില്ല. അപ്പോഴേക്കും ട്രോളന്മാര്‍ മുഖ്യമന്ത്രിയുടെ ആ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തി പൊക്കിയിരുന്നു.

മുന്‍ സ്പീക്കറും ഇപ്പോഴത്തെ മന്ത്രിയുമായ എം ബി രാജേഷ്, ഡല്‍ഹിയിലെ വായു മലിനീകരണത്തിന്‍റെ അത്രയൊന്നും കൊച്ചിയിലെ വായു മലിനപ്പെട്ടിട്ടില്ലെന്നായിരുന്നു അവകാശപ്പെട്ടത്.

‘മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് ലോകത്തെ ആദ്യ സംഭവമല്ല. കൊച്ചിയിലെ വായു ദില്ലിയേക്കാള്‍ മെച്ചമാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെ’ന്നുമായിരുന്നു മന്ത്രിയുടെ മറുപടി. തീ അണയ്ക്കാൻ സ്വീകരിച്ചത് ശാസ്ത്രീയ നടപടിയാണെന്ന് വിദഗ്ധര്‍ പോലും അംഗീകരിച്ചുവെന്നും എം ബി രാജേഷ് അവകാശപ്പെട്ടു.

ഇതിനിടെ മറ്റ് ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ബ്രഹ്മപുരം തീപിടുത്തത്തില്‍ മുന്നറിയിപ്പുകൾ തുടർച്ചയായി അവഗണിച്ചെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ടായിരുന്നു ഒന്ന്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നാല് വർഷത്തിൽ പത്തൊമ്പത് തവണയാണ് നോട്ടീസ് നൽകിയത്. മേയർക്ക് മാത്രം നാല് തവണ നോട്ടീസ് അയച്ചുവെന്നും കോർപ്പറേഷൻ സെക്രട്ടറിക്ക് 14 നോട്ടീസുകൾ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോർപ്പറേഷന്‍റെ മാലിന്യ പ്ലാന്‍റ് പ്രവർത്തിച്ചത് അംഗീകാരമില്ലാതെയാണെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.  ബ്രഹ്മപുരത്തെ ബയോ മൈനിംഗ് പൂർണ പരാജയമെന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ നിയോഗിച്ച സംസ്ഥാന തല നിരീക്ഷണ സമിതി കണ്ടെത്തിയത്. ഇത് വരെ ബ്രഹ്മപുരത്ത് നടന്നതിന്‍റെ ഉത്തരവാദിത്തം കൊച്ചി കോർപ്പറേഷനെന്നാണെന്നും സമിതി വിലയിരുത്തി. കൊച്ചിയിലെ വായുവില്‍ മാരകമായ ഡയോക്‌സിന്‍റെ അളവില്‍ വന്‍ വര്‍ദ്ധവുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.

ബ്രഹ്മപുരത്ത് പരിസ്ഥിതി നിയമങ്ങളും വിദഗ്ധ നിർദേശങ്ങളും പൂർണമായി ലംഘിക്കപ്പെട്ടു.  ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ നടന്നുവെന്നും സമിതി, ഹരിത ട്രിബ്യൂണൽ ചെന്നൈ ബെഞ്ചിന് റിപ്പോർട്ട് നൽകി. യുദ്ധകാല അടിസ്ഥാനത്തിൽ മാലിന്യ മല നീക്കം ചെയ്തില്ലെങ്കിൽ തീപിടുത്തം ഇനിയും ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. തീപിടുത്തം ഉണ്ടായാൽ അത് അണയ്ക്കാൻ പറ്റുന്ന സൗകര്യങ്ങളൊക്കെ കുറവാണ്.  ഉള്ള പമ്പുപോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. എവിടെ നിന്നൊക്കെ മാലിന്യം കൊണ്ടുവരുന്നു എന്നതിന്‍റെ കൃത്യമായ വിവരങ്ങളും ബ്രഹ്മപുരത്തില്ല. കീറിപ്പറിഞ്ഞ ഒരു ലോഗ് ബുക്കാണ് അവിടെ ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.