സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആദ്യത്തെ മറൈന്‍ ആംബുലന്‍സ്;ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും

0 327

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആദ്യത്തെ മറൈന്‍ ആംബുലന്‍സ്;ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആദ്യത്തെ മറൈന്‍ ആംബുലന്‍സ് ‘പ്രതീക്ഷ ‘ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്നും വിഴിഞ്ഞത്തേക്ക് വരുന്ന മറൈന്‍ ആംബുലന്‍സിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കും.
അഞ്ച് പേര്‍ക്ക് ഒരേ സമയം ക്രിട്ടിക്കല്‍ കെയര്‍, 24 മണിക്കൂറും പാരാമെഡിക്കല്‍ സ്റ്റാഫ്, പ്രത്യേക പരിശീലനം ലഭിച്ച നാല് സീറെസ്‌ക്യൂ സ്‌ക്വാക്ഡുകള്‍, പോര്‍ട്ടബിള്‍ മോര്‍ച്ചറി, ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും പ്രതീക്ഷയില്‍ ഉണ്ടാകും.

മത്സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ വര്‍ഷം ശരാശരി മുപ്പതോളം മത്സ്യത്തൊഴിലാളികള്‍ മരണപ്പെടാറുണ്ട്. ഈ സാഹചര്യങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് മറൈന്‍ ആംബുലന്‍സിന്റെ സേവനം അനിവാര്യമാണ്. ആദ്യ ഘട്ടത്തില്‍ മൂന്ന് മറൈന്‍ ആംബുലന്‍സുകളാണ് നിര്‍മിക്കുന്നത്. ഒരു ബോട്ടിന് 6.08 കോടി രൂപയാണ് ചിലവ് കണക്കാക്കിയിരിക്കുന്നത്. 23 മീറ്റര്‍ നീളവും, 5.5 മീറ്റര്‍ നീളവും, 3 മീറ്റര്‍ ആഴവുമുള്ള മറൈന്‍ ആംബുലന്‍സുകള്‍ക്ക് അപകടത്തില്‍ പെടുന്ന പത്ത് പേരെ ഒരേ സമയം സുരക്ഷിതമായി കിടത്തി പ്രഥമ ശുശ്രൂഷ നല്‍കി കരയിലെത്തിക്കാന്‍ സാധിക്കും. 700 എച്ച്പി വീതമുള്ള 2 സ്‌കാനിയാ എഞ്ചിനുകള്‍ ഘടിപ്പിച്ചിട്ടുള്ള ആംബുലന്‍സുകള്‍ക്ക് പരമാവധി 14 നോട്ടിക്കല്‍ മൈല്‍ സ്പീഡ് ലഭിക്കും. പ്രതീക്ഷ, പ്രത്യാശ, കാരുണ്യ എന്നിങ്ങനെ നാമകരണം ചെയ്തിട്ടുള്ള മറൈന്‍ ആംബുലന്‍സുകള്‍ യഥാക്രമം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകളിലാണ് നിയോഗിക്കപ്പെടുന്നത്.