ഉത്തർപ്രദേശിൽ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

0 912

ഉത്തർപ്രദേശിൽ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത മൂടൽ മഞ്ഞും തണുപ്പുമുള്ളതിനാൽ ആദ്യ രണ്ട് മണിക്കൂറിൽ മന്ദഗതിയിലാണ് പോളിംഗ്. സുരക്ഷയുടെ ഭാഗമായി 129 കമ്പനി സായുധ സേനയെയാണ് വിവിധ ബൂത്തുകളിൽ നിയോഗിച്ചിരിക്കുന്നത്.

പടിഞ്ഞാറന്‍ യു.പിയില്‍ 11 ജില്ലകളിലെ 58 നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പിക്കൊപ്പം ഉറച്ചുനിന്ന മേഖലയാണിത്. 58ൽ 53 സീറ്റുകളാണ് അന്ന് ബി.ജെ.പി നേടിയത്. ജാട്ട് സമുദായത്തിന് നിർണായക സ്വാധീനമുള്ള പ്രദേശത്ത് ജയമുറപ്പിക്കുകയെന്നത് ബി.ജെ.പിക്ക് കനത്ത വെല്ലുവിളിയാണ്. ഒന്നാം ഘട്ടത്തിൽ 623 സ്ഥാനാർത്ഥികള്‍ വിധി തേടുമ്പോള്‍ രണ്ട് കോടി 27ലക്ഷം വോട്ടർമാരാണ് വിധിയെഴുതുന്നത്

ഹിന്ദുത്വ കാർഡിനൊപ്പം സുരക്ഷിത ഉത്തർപ്രദേശ് എന്ന മുദ്രാവാക്യം ഉയർത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോവിഡിലെ വീഴ്ചയും ഉന്നാവ്, ഹാത്രസ് പീഡനവുമൊക്കെ ഉയർത്തിക്കാട്ടി സുരക്ഷിത യു.പി എന്ന അവകാശ വാദം പൊളിക്കാനാണു പ്രചാരണത്തിൽ സമാജ്‍വാദി പാർട്ടി ശ്രദ്ധിച്ചത്.

ബി.ജെ.പിയെ മുട്ടുകുത്തിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് കർഷക സംഘടനകൾ രംഗത്തിറങ്ങിയിരിക്കുന്നത്. കർഷകസമരത്തിന് ആദ്യം പിന്തുണ പ്രഖ്യാപിച്ച ആർ.എൽ.ഡി നിലവിൽ സമാജ്‍വാദി സഖ്യത്തിനൊപ്പമാണ്. അവസാന ഒരാഴ്ചയാണ് ബി.എസ്.പിക്ക് തെരെഞ്ഞെടുപ്പ് ചൂട് പിടിച്ചത്. അതേസമയം, യുവാക്കളെ ആകർഷിക്കുന്ന പ്രകടന പത്രികയും താരപ്രചാരണവുമായി പ്രിയങ്ക ഗാന്ധി കളംനിറഞ്ഞെങ്കിലും പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ പോലും കോൺഗ്രസിനെ വിട്ട് മറ്റു പാർട്ടിയിൽ ചേർന്നത് തിരിച്ചടിയായി.