അതിരപ്പിള്ളിയിൽ പെൺകുട്ടിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ ജില്ലാ കലക്ടറോട് വിശദീകരണം തേടി വനം മന്ത്രി

0 485

അതിരപ്പിള്ളിയിൽ പെൺകുട്ടിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ വനം മന്ത്രി എ. കെ ശശീന്ദ്രൻ ജില്ലാ കലക്ടറോട് വിശദീകരണം തേടി. നാട്ടുകാർ റോഡ് ഉപരോധിച്ചു പ്രതിഷേധം നടത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹവുമായി വെറ്റിലപ്പാറയിൽ പ്രതിഷേധിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രി വിശദീകരണം തേടിയത്. ശേഷം മന്ത്രി മാധ്യമങ്ങളെ കാണും.

വിഷയത്തിൽ കളക്ടർ നടപടി സ്വീകരിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് നാട്ടുകാരുടെ തീരുമാനം. വനാതിർത്തിയോട് ചേർന്നുള്ള പത്ത് കിലോമീറ്റർ ദൂരത്തിൽ കരിങ്കൽ ഭിത്തി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്യ ജീവികളുടെ ബുദ്ധിമുട്ട് കൊണ്ട് പകലുപോലും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു. സമീപത്തെ ഫോറെസ്റ് ഓഫീസിനു മുന്നിലേക്ക് സമരം മാറ്റാനും നാട്ടുകാർ ആലോചിക്കുന്നുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനായി കൊണ്ട് പോയി

അതിനിടയിൽ നാട്ടുകാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. നിരന്തരമായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവാറുണ്ടെന്ന് അതിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. റോഡിലൂടെ ഒരു വാഹനവും കടത്തി വിട്ടില്ല. ഫോറെസ്റ് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്നാണാരോപണം.

മാളയില്‍ ഉള്ള കുട്ടി അമ്മ വീടായ വെറ്റിലപ്പാറയിലെത്തിയപ്പോഴാണ് അപകടമണ്ടായത്. പുറത്ത് നിന്നുള്ളവര്‍ക്കു പോലും യാതൊരു സുരക്ഷയുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മാത്രമല്ല ഒരു റാപിഡ് ആക്ഷന്‍ ഫോഴ്‌സിനെ നിയോഗിച്ചിട്ടുണ്ട് എന്നാല്‍ ഇവിടെ നിന്ന് 35 കിലോമീറ്റര്‍ അകലെ ചാലക്കുടിയില്‍ ഉള്ള റാപിഡ് ആക്ഷന്‍ ഫോഴ്‌സിനു ഇവിടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ പെട്ടന്ന് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു. അതിരപ്പള്ളിയില്‍ വിനോദസഞ്ചാരത്തിനായി വരുന്നവര്‍ ഈ വഴി വരരുതെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

പുത്തൻചിറ സ്വദേശി നിഖിലിന്‍റെ മകള്‍ ആഗ്നെലിയ ആണ് മരിച്ചത്. ബൈക്ക് യാത്രക്കിടെയാണ് സംഭവം. നിഖിലും, ഭാര്യാ പിതാവും മകളും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. നിഖിലിനേയും ഭാര്യാപിതാവ് ജയനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.