ഗവർണർക്ക് സർക്കാർ വഴങ്ങിയിട്ടില്ല, അദ്ദേഹം തന്നെ തിരുത്തി: കോടിയേരി

0 434

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാന സർക്കാർ വഴങ്ങിയിട്ടില്ലെന്നും ഗവർണറുടെ നടപടി അദ്ദേഹം തന്നെ തിരുത്തിയെന്നും സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നയപ്രഖ്യാപനപ്രസംഗം പാസാക്കാൻ ഗവർണർ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ മാറ്റിയെന്ന ആരോപണത്തെ കുറിച്ചാണ് വാർത്താസമ്മേളനത്തിൽ കോടിയേരിയുടെ പ്രതികരണം. സർക്കാരും ഗവർണറും തമ്മിൽ സംഘർഷത്തിന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സർക്കാരുകളും പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നുണ്ടെന്നും അത് നിർത്തലാക്കാൻ കഴിയില്ലെന്നും കോടിയേരി വ്യക്തമാക്കി. എന്നാൽ പെൻഷൻ പ്രായം കൂട്ടില്ലെന്നും സിപിഐയുമായി ചർച്ച നടത്തുന്നതിൽ പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട രേഖകൾ തയ്യാറായെന്നും സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നും കോടിയേരി അറിയിച്ചു. സിപിഎമ്മിൽ ഇപ്പോൾ വിഭാഗീയതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ ഗവർണർ നിലപാട് കടുപ്പിച്ചതോടെ സർക്കാർ സമ്മർദ്ദത്തിലായിരിക്കുകയാണ്. പേഴ്സണല്‍ സ്റ്റാഫിന്‍റെ വിവരങ്ങളടങ്ങിയ ഫയലുകൾ ഹാജരാക്കാൻ ഗവർണർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

അതെസമയം ഗവർണറെ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് കെ മുരളീധരൻ പറഞ്ഞു. സർക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ ലക്ഷ്യമിട്ടാണ് ഗവർണറുടെ നീക്കം. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉള്ളപ്പോള്‍ ഈ അധിക ചിലവ് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ഗവർണർ. ചീഫ് സെക്രട്ടറിയുടെ മറുപടി ലഭിച്ച ശേഷമാകും ഗവർണറുടെ തുടർനീക്കം.